ന്യൂഡൽഹി: ഡൽഹി പൊലീസ് ഓഫിസറുടെ മകൻ പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഡൽഹിയിലെ കോൾ സെന്ററിനകത്ത് വച്ച് പെൺകുട്ടിയെ മർദ്ദിക്കുന്ന മൊബൈൽ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ഇതിനുപിന്നാലെ ഡൽഹി പൊലീസ് ഓഫിസറുടെ മകൻ രോഹിത് സിങ് തോമറിനെ അറസ്റ്റ് ചെയ്തു.

ഡൽഹിയിലെ ഉത്തംനഗറിലുളള കോൾസെന്ററിനകത്ത് വച്ചാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. രോഹിത്തിന്റെ സുഹൃത്ത് ഇവിടെയാണ് ജോലി ചെയ്യുന്നതെന്നും അടുത്തിടെ ഇവിടെ ജോലിക്കുചേർന്ന 21 കാരിയായ പെൺകുട്ടി സെപ്റ്റംബർ രണ്ടിനാണ് മർദ്ദനത്തിന് ഇരയായതെന്നും റിപ്പോർട്ടുണ്ട്.

രോഹിത് പെൺകുട്ടിയുടെ മുടി പിടിച്ച് വലിക്കുന്നതും കാലുകൊണ്ടും കൈ കൊണ്ടും മർദ്ദിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. രോഹിതിന്റെ സുഹൃത്താണ് സംഭവം മൊബൈലിൽ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇയാൾ പെൺകുട്ടിയെ മർദ്ദിക്കുന്നത് നിർത്താൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ അവിടെ ഉണ്ടായിരുന്ന മറ്റു സുഹൃത്തുക്കളിൽ ആരുംതന്നെ പെൺകുട്ടിയെ മർദ്ദിക്കുന്നത് തടയുന്നില്ല.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ രാജ്നാഥ് സിങ്ങിന്റെ ശ്രദ്ധയിലും പെട്ടു. ഡൽഹി പൊലീസ് കമ്മിഷണറോട് സംഭവത്തിൽ ഉടനടി നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

അതിനിടെ, മർദ്ദനത്തിന് ഇരയായ പെൺകുട്ടി ഇന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സുഹൃത്തിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ രോഹിത് അവിടെ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് തന്നെ മർദ്ദിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ