ന്യൂഡൽഹി: മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ട് വ്യാജമായ ചിത്രങ്ങളും ആക്ഷേപകരമായ കമന്റുകളും പ്രസിദ്ധീകരിച്ച ‘സുള്ളി ഡീൽസ്’ ആപ്പ് നിർമ്മിച്ചതിന് ഇൻഡോറിൽ നിന്നുള്ള 25-കാരനെ ഡൽഹി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. അനുംകരേശ്വർ ഠാക്കൂർ എന്നയാളെ പിടികൂടിയതായി ഡിസിപി (സൈബർ സെൽ) കെപിഎസ് മൽഹോത്ര അറിയിച്ചു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 2020 ജനുവരിയിൽ ട്വിറ്ററിൽ ഒരു ട്രേഡ് ഗ്രൂപ്പിൽ ചേർന്നുവെന്നും മുസ്ലീം സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയും ട്രോളുകയും ചെയ്യുക എന്നതായിരുന്നു ആപ്പിനു പിന്നിലെ ഉദ്ദേശമെന്നും ഇയാൾ പറഞ്ഞു. ഗിറ്റ് ഹബ്ബിലൂടെയാണ് ആപ്പ് നിർമ്മിച്ചത്.
യുവതികളുടെ ചിത്രങ്ങൾ ഓൺലൈനിലൂടെ ലേലം ചെയ്യുകയാണ് പ്രതികൾ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നിരവധി യുവതികളുടെ പരാതികളെ തുടര്ന്ന് ആപ്പ് അടച്ചുപൂട്ടിയിരുന്നു.
ശനിയാഴ്ചയാണ് ഇൻഡോറിൽ നിന്ന് താക്കൂറിനെ (25) പോലീസ് പിടികൂടിയത്. ഇൻഡോറിലെ ഐപിഎസ് അക്കാദമിയിലെ ബിസിഎ വിദ്യാർത്ഥിയായിരുന്നു താക്കൂർ. കഴിഞ്ഞ ഡിസംബറിൽ ഗിറ്റ്ഹബ്ബിൽ സമാനമായ ആപ്പ് നിർമ്മിച്ചതിന് അസമിൽ നിന്നുള്ള 21-കാരനായ നിരജ് ബിഷ്ണോയിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സുള്ളി ഡീൽസ് ആപ്പ് കേസിലും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഠാക്കൂറിനെ ഡൽഹിയിലെ സൈബർ സെൽ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.