ന്യൂഡൽഹി: ഇന്ത്യൻ മുജാഹിദീൻ ഭീകരൻ അരീസ് ഖാൻ (32) പിടിയിൽ. എൻഐഎ 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണ് ഇൻഡോ-നേപ്പാൾ അതിർത്തിയിൽവച്ച് പൊലീസിന്റെ പിടിയിലായത്. അഞ്ച് ബോംബ് സ്ഫോടന കേസുകളിലെ പ്രതിയാണ് അരീസ് ഖാൻ. ഡൽഹി പ്രത്യേക പൊലീസാണ് ഇയാളെ പിടികൂടിയത്.

ബട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസിലെ മുഖ്യപ്രതിയാണ് അരീസ് ഖാൻ. 2008 ബട്‌ല ഹൗസ് ഏറ്റുമുട്ടലിനുശേഷം ഇയാൾ ഒളിവിലായിരുന്നു. അരീസ് ഖാനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പത്ത് ലക്ഷം രൂപയും ഡൽഹി പൊലീസ് അഞ്ച് ലക്ഷം രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ് അരീസ് ഖാൻ.

2008 സെപ്റ്റംബർ 13ന് ഡൽഹിയിലുണ്ടായ ബോംബ് സ്ഫോടന പരന്പരകളിലും അരീസ് ഖാൻ പ്രതിയായിരുന്നു. പഹർഗഞ്ച്, ഗോവിന്ദപുരി, ഗ്രേറ്റർ കൈലാഷ്, കോണാട്ട് പ്ലേസ് എന്നിവിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

2008 സെപ്റ്റംബര്‍ 19നാണ് ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഡല്‍ഹി പൊലീസ് സ്‌പെഷൽ സെല്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ മരിച്ചിരുന്നു. 10 വർഷത്തിന് ശേഷമാണ് ഇദ്ദേഹത്തെ പിടികൂടാൻ കഴിഞ്ഞതെന്ന് ഡൽഹി പൊലീസ് വക്താവ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ