scorecardresearch

‘അവള്‍ അങ്കിതിനെക്കുച്ച് ചോദിച്ചുകൊണ്ടേയിരിക്കുന്നു.. എല്ലാം അവസാനിച്ചുവെന്നു പറയുന്നു…’

കൊലപാതകം നടന്ന ദിവസം മുതല്‍ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് കഴിയുന്നത്.

ന്യൂഡല്‍ഹി: ഫോട്ടോഗ്രാഫറായ കാമുകനെ തന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാനാവാതെ 18കാരി പൊലീസ് സ്റ്റേഷനില്‍ തന്നെ തുടരുന്നു. 23കാരനായ യുവ ഫോട്ടോഗ്രാഫവര്‍ അങ്കിത് സക്‌സേനയെയാണ് വീട്ടുകാര്‍ അദ്ദേഹത്തിന്റെ അമ്മയുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന ദിവസം മുതല്‍ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് കഴിയുന്നത്. പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടു പോകാന്‍ മറ്റു കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനാല്‍ തങ്ങള്‍ പെണ്‍കുട്ടിയെ ശിശുക്ഷേമ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കിയെന്നും, ഇത്തരം കേസുകളില്‍ മുതിര്‍ന്നവര്‍ക്ക് പോകാന്‍ ഇടമില്ലെങ്കില്‍ ഇങ്ങനെ ചെയ്യാനാകുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. കുടുംബത്തിനൊപ്പം താമസിക്കാന്‍ താന്‍ തയ്യാറല്ലെന്നു പെണ്‍കുട്ടി പറഞ്ഞതായി ഡപ്യൂട്ടി കമ്മീഷണര്‍ വിജയ് സിങ് പറഞ്ഞു.

പെണ്‍കുട്ടി ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തങ്ങള്‍ക്ക് കുട്ടിയെ വീട്ടിലേക്ക് കൂട്ടാന്‍ സാധിക്കുകയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ‘അവള്‍ അങ്കിതിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ചോദിച്ചുകൊണ്ടേയിരിക്കുന്നു.’

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖ്യാല പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വീടിനടുത്തുള്ള പെണ്‍കുട്ടിയുമായി അങ്കിത് പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിര്‍ത്തിരുന്നു. മുസ്ലിം സമുദായത്തില്‍ പെട്ടതാണ് പെണ്‍കുട്ടി. വ്യാഴാഴ്ച രാത്രി 9 മണിക്ക് വീട്ടിലേക്ക് പോവുകയായിരുന്ന അങ്കിതിനെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും കൂടിച്ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി അങ്കിതിനെ കാണാനായി പുറപ്പെട്ട സമയത്താണ് ബന്ധുക്കള്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

അമ്മാവനാണ് ഇതിന് പിറകിലെന്നും തന്റെ ജീവനും അപകടത്തിലാണെന്നും പെണ്‍കുട്ടി ആരോപിച്ചു. ‘അങ്കിതിനെ കാണാനായി ഞാന്‍ പുറപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ കൊലപ്പെടുത്തിയ വിവരം അറിഞ്ഞത്. ഇതിന് പിറകില്‍ എന്റെ അമ്മാവനാണ്’, പെണ്‍കുട്ടി പറഞ്ഞു.

യുവാവിന്റെ കഴുത്തിലാണ് കുത്തേറ്റത്. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഈ സമയം അങ്കിതിന്റെ അമ്മ സഹായത്തിനായി കേണപേക്ഷിച്ചെങ്കിലും കണ്ടുനിന്നവര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തതല്ലാതെ ആരും സഹായത്തിനെത്തിയില്ല. പ്രതികളിലൊരാളായ പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു ഒളിവിലാണെന്ന് വെസ്റ്റ് ഡല്‍ഹി ഡിസിപി വിജയ് സിങ് പറഞ്ഞു. ഖ്യാല പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Delhi photographer murder she keeps asking for ankit says its all over