ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ ഏറ്റവും കൂടുതലുളള നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമതെത്തി. മുംബൈയാണ് തൊട്ടുപിന്നിൽ. 70,000 ത്തിലധികം കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇതിൽ 40,000 കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് റിപ്പോർട്ട് ചെയ്തതത്.
രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ പരിശോധനയും കൂട്ടി. കഴിഞ്ഞ 10 ദിവസത്തിനിടെ പ്രതിദിന പരിശോധന അയ്യായിരത്തിൽനിന്നും ഏഴായിരമാക്കി ഉയർത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 20,000 ടെസ്റ്റുകളാണ് നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയിലെ കിടക്കകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജൂൺ 10 ന് 8,800 കിടക്കകളിൽനിന്നും ജൂൺ 24 ന് 13,400 ആക്കി കൂട്ടി.
20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സർക്കാർ സ്വകാര്യ ആശുപത്രികള്‍ക്ക് നിർദേശം നൽകി. അതേസമയം, വരും ദിവസങ്ങളിൽ ഡൽഹിയിൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്ലെന്നും ആശുപത്രി കിടക്കകളുടെ കാര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
Read Also: ഡിജിറ്റല്‍ കാലത്തെ രാഷ്ട്രീയ ആശയവിനിമയം
അതിനിടെ, ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് കൂടി രോഗം ബാധിക്കുകയും 418 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4,73,105 ആയി. 14894 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. നിലവില്‍ 1,86,514 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 2,71,697 പേര് രോഗമുക്തരായി.
രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും അതിവേഗം രോഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള എറ്റവും വലിയ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്.
Read in English: Delhi now city with most covid cases: Cases surge but testing, beds up too