ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ഡൽഹിയിൽ പര്യടനം തുടരുന്നു. ഇന്നു രാവിലെ രാജ്യതലസ്ഥാനത്ത് പ്രവേശിച്ച യാത്ര ഇടവേളയ്ക്കുശേഷം ആശ്രാമിൽനിന്നു പുനരാരംഭിച്ചു. നിസാമുദ്ദീൻ, ഇന്ത്യാ ഗേറ്റ് വഴി ചെങ്കോട്ടയിലേക്കാണ് ഇപ്പോൾ യാത്ര നീങ്ങുന്നത്. നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ ഉച്ചയ്ക്കുശേഷം ഐ ടി ഒ പരിസരത്തുവച്ച് യാത്രയുടെ ഭാഗമായി.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നു രാവിലെ യാത്രക്കൊപ്പം ചേര്ന്നിയിരുന്നു. ഹരിയാന-ഡൽഹിയായ അതിര്‍ത്തിയായ ബദര്‍പുരില്‍ യാത്രക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിദ്വേഷ പ്രസ്താവനയില്‍നിന്ന് വ്യത്യസ്തമായി ആളുകള്‍ പരസ്പരം സഹായിക്കുന്ന ”യഥാര്‍ത്ഥ ഹിന്ദുസ്ഥാന്‍” വേണ്ടിയാണ് യാത്രയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാലിക്ക് സ്നേഹവും പിന്തുണയും നല്കിയ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
യാത്ര ഹരിയാന ബദര്‍പൂര്‍ അതിര്‍ത്തിയില്‍നിന്ന് ആരംഭിച്ച് ചെങ്കോട്ടയില്‍ അവസാനിക്കും. യാത്ര ഡല്‍ഹിയിലെ ഏകദേശം 23 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. റെഡ് ഫോര്‍ട്ടില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചകഴിഞ്ഞ് ആശ്രമത്തില്‍ രണ്ട് മണിക്കൂര്‍ ഇടവേളയ്ക്കു ശേഷം നിസാമുദ്ദീന്‍, ഇന്ത്യാ ഗേറ്റ്, ഐടിഒ, ഡല്‍ഹി ഗേറ്റ്, ദര്യഗഞ്ച് എന്നിവടങ്ങളിലൂടെ കടന്നുപോകും.
ഡല്‍ഹിയിലൂടെ ഒരു ദിവസത്തെ യാത്രയ്ക്കു ശേഷം യാത്ര ഒൻപതുദിവസം നിര്‍ത്തിവച്ച് ജനുവരി മൂന്നിനു പുനരാരംഭിക്കും. നടനും രാഷ്ട്രീയക്കാരനുമായ കമല്ഹാസന്, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങള്‍, മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഡല്‍ഹിയില്‍ ചേരുമെന്നാണു വിവരം.
ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന മേഖലകളെക്കുറിച്ച് ഡല്‍ഹി പൊലീസ് ട്രാഫിക് യാത്രക്കാര്‍ക്കു മുന്നറിയിപ്പ് നൽകി. ബദര്‍പൂര്‍ മേല്‍പ്പാലം, മിതാ പുര്‍ ചൗക്ക്, പ്രഹ്ലാദ് പുര്‍ റെഡ് ലൈറ്റ്, എം ബി റോഡ്, അപ്പോളോ ഫ്ളൈ ഓവര്‍, മഥുര റോഡ്, ഓഖ്ല മോഡ് റെഡ് ലൈറ്റ്, മോദി മില്‍ ഫ്ളൈ ഓവര്‍, എന്‍ എഫ് സി റെഡ് ലൈറ്റ്, ആശ്രമ ചൗക്ക്, മൂല് ചന്ദ്, ആന്‍ഡ്രൂസ് ഗഞ്ച്, എയിംസ് എന്നിവിടങ്ങളിലുടെ യാത്ര കടന്നുപോകും.