ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (എം സി ഡി) മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ആം ആദ്മി പാര്‍ട്ടി(എഎപി)യ്ക്കു വന്‍ വിജയം. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
മേയര്‍ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് നടത്താന്‍ 24 മണിക്കൂറിനുള്ളില്‍ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ആദ്യ എം സി ഡി യോഗത്തില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുക്കപ്പെടുന്ന മേയര്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ അധ്യക്ഷനാകുമെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവ് ജനാധിപത്യത്തിന്റെ വിജയമാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു. ”… സുപ്രീം കോടതിക്കു വളരെ നന്ദി. ഡല്‍ഹിക്കിനി രണ്ടര മാസത്തിനു ശേഷം ഒരു മേയറെ ലഭിക്കും. ലഫ്റ്റനന്റ് ഗവര്‍ണറും ബിജെപിയും ചേര്‍ന്ന് എങ്ങനെയാണ് ഡല്‍ഹിയില്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവുകള്‍ പാസാക്കുന്നതെന്നു തെളിഞ്ഞിരിക്കുന്നു,” കേജ്‌രിവാള്‍ ട്വീറ്റില്‍ പറഞ്ഞു.
നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെതിരെ എം സി ഡി യോഗത്തില്‍ എഎപി പ്രതിഷേധമുയര്‍ത്തിയതോടെ മേയര്‍ തിരഞ്ഞെടുപ്പ് മൂന്നു തവണ മാറ്റിവയ്ക്കുകയായിരുന്നു.
ഏറ്റവും ഒടുവിൽ ഫെബ്രുവരി ആറിനാണു എ എ പി-ബി ജെ പി അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ മൂലം തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. 1957 ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമമനുസരിച്ച് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ യോഗ്യരാണെന്നു പ്രിസൈഡിങ് ഓഫീസര്‍ സത്യ ശര്‍മ സഭയെ അറിയിച്ചു. ഇതോടെ ബഹളം പൊട്ടിപ്പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇത്തരമൊരു അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നും സഭ അടുത്ത തീയതിയിലേക്കു മാറ്റിവച്ചതായും പ്രിസൈഡിങ് ഓഫീസര്‍ സത്യ ശര്‍മ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എ എ പി സുപ്രീം കോടതിയെ സമീപിച്ചത്.
നിയമമനുസരിച്ച്, പൊതു പ്രാധാന്യമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സഭയെ സഹായിക്കുന്നതിന് 25 വയസിനു മുകളിലുള്ള 10 പേരെ കോര്‍പ്പറേഷനിലേക്കു ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു നാമനിര്‍ദേശം ചെയ്യാം. കോര്‍പറേഷനെ നിയന്ത്രിക്കുന്നത് ആരെന്നു നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന 10 ബി ജെ പി അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചതായാണ് എ എ പിയുടെ ആരോപണം.
കോര്‍പറേഷനിലേക്കു ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ എ എ പി അട്ടിമറിക്കുകയായിരുന്നു. 250 അംഗ സഭയില്‍ 125 സീറ്റാണു കേവല ഭൂരിപക്ഷം വേണ്ടതെന്നിരിക്കെ എ എ പിക്കു 134 സീറ്റ് ലഭിച്ചു. ബി ജെ പിക്കു 103 സീറ്റാണു നേടാനായത്. ഒരു സ്വതന്ത്രന്റെ പിന്തുണയും ബി ജെ പിക്കുണ്ട്. കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളാണുള്ളത്.
മേയര്‍ തിരഞ്ഞെടുപ്പില്‍ 14 നോമിനേറ്റഡ് എം എല്‍ എമാര്‍ക്കും ഏഴ് ലോക്സഭാ എം പിമാര്‍ക്കും മൂന്ന് രാജ്യസഭാ എം പിമാര്‍ക്കും വോട്ടവകാശമുണ്ട്. ഈ നോമിനേറ്റഡ് എം എല്‍ എമാരില്‍ ഭൂരിപക്ഷവും രാജ്യസഭാ എം പിമാരും എ എ പിയില്‍നിന്നുള്ളവരാണ്. എന്നാല്‍ ലോക്‌സഭാ എം പിമാര്‍ മുഴുവനും ബി ജെ പിക്കാരാണ്. ഇതിനു പുറമെയാണു ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമര്‍നിര്‍ദേശം ചെയ്ത ബി ജെ പിക്കാരായ 10 അംഗങ്ങള്‍ക്കു കൂടി വോട്ടവകാശം നൽകിയത്.