ന്യൂഡൽഹി: ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം നാല് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ആറ് പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് അറിയിച്ചു. ബാക്കിയുള്ള മൃതദേഹങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും വേണ്ടി വന്നാൽ ഡിഎൻഎ പരിശോധന നടത്തുമെന്നും അപകടത്തിന് ശേഷം കാണാതായ 24 സ്ത്രീകളടക്കം 29 പേരുടെ പട്ടിക തയ്യാറാക്കിയതായും പൊലീസ് പറഞ്ഞു.
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച വൻ തീപിടിത്തത്തിൽ ഇതുവരെ 27 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. കൂടുതൽ പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായാണ് സൂചന. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണു വിവരം.
അതിനിടെ സംഭവസ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തീപിടിത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ മരണപ്പെട്ട ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകുന്നേരം 4.40 ഓടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. മുപ്പതിലേറെ അഗ്നിശമനസേന വാഹനങ്ങൾ ആറ് മണിക്കൂർ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ പരുക്കേറ്റ പന്ത്രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നൂറിലധികം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായാണ് അധികൃതർ പറയുന്നത്. അതേസമയം, മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

സിസിടിവികൾ, വൈഫൈ റൂട്ടറുകൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ജനറേറ്റർ വെച്ചിരുന്ന ഒന്നാം നിലയിൽ മുകളിലത്തെ നിലയിലേക്ക് തീപടരുകയായിരുന്നു. തീപിടിത്തത്തിന് പിന്നാലെ കയറിട്ട് ജനലിലൂടെ പലരും താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ തീപിടിത്തം ആദ്യമുണ്ടായ സ്ഥാപനത്തിന്റെ ഉടമകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഫെ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ ഹർഷ് ഗോയൽ വരുൺ ഗോയൽ എന്നിവരെ കസ്റ്റഡിയിൽ എടുത്തതായി ഡിസിപി സമീർ ശർമ്മ പറഞ്ഞു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കു പ്രധാനമന്ത്രി 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതവും നൽകും. പിഎംകെയർ ഫണ്ടിൽ നിന്നാണ് നഷ്ടപരിഹാരം നൽകുക.