ന്യൂഡല്‍ഹി: ഈ വര്‍ഷം രണ്ടാം തവണയും ഡല്‍ഹിയില്‍ മെട്രോ യാത്രാ നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ബുധനാഴ്ച മുതല്‍ ‘മെട്രോ ഫെയര്‍ സത്യാഗ്രഹം’ നടത്തും. എഎപി സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനിടയിലും ഇന്നാണ് മെട്രോ നിരക്കുകളില്‍ വര്‍ധനവ് ഏര്‍പ്പെടുത്തിയത്.

ഒലയും യൂബറും പോലെയുളള ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് മാത്രമാണ് ഇതുകൊണ്ട് ലാഭം ഉണ്ടാകുകയെന്ന് എഎപി കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു. നാളെ നഗരത്തിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും എഎപി വോളന്റിയര്‍മാര്‍ പ്രതിഷേധം നടത്തും. വ്യാഴാഴ്ചയും വെളളിയാഴ്ചയും പ്രതിഷേധം തുടരും. വെളളിയാഴ്ച നഗരവികസന മന്ത്രാലയം സ്ഥിതി ചെയ്യുന്ന നിര്‍മ്മാണ്‍ ഭവന്‍ എഎപി പ്രവര്‍ത്തകര്‍ ഉപരോധിക്കും.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്. മേയില്‍ നിരക്ക് ഉയര്‍ത്തിയിരുന്നു. പുതിയ നിരക്ക് പ്രകാരം രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ തന്നെയായിരിക്കും കൂലി. രണ്ട് മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ നിലവിലുള്ള 15 രൂപയില്‍ നിന്ന് 20 രൂപയായി ഉയരും. അഞ്ച് മുതല്‍ 12 കിലോമീറ്റര്‍ വരെ 20 രൂപയായിരുന്ന നിരക്ക് 30 രൂപയാകും. 21-32 കിലോമീറ്റര്‍ യാത്രയ്ക്ക് 40 രൂപയ്ക്ക് പകരം 50 രൂപ നല്‍കേണ്ടിവരും. 32 കിലോമീറ്റര്‍ മുകളിലുള്ള യാത്രയ്ക്ക് 50 രൂപയുടെ സ്ഥാനത്ത് 60 രൂപയായിരിക്കും നിരക്ക്.

പീക്ക് ടൈമുകളില്‍ സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ചുള്ള യാത്രയ്ക്ക് യഥാക്രമം 9, 18, 27, 36, 45, 54 രൂപയായിരിക്കും നിരക്കുകള്‍. നോണ്‍-പീക്ക് ടൈമുകളില്‍ ഇത് 8, 16, 24, 32, 40, 48 രൂപ എന്നിങ്ങനെയായിരിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും നിരക്കില്‍ ഇളവുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ