ന്യൂഡൽഹി: ഡല്‍ഹി മുൻസിപ്പൽ കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഹാട്രിക് വിജയം. എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം കടത്തി വെട്ടിയാണ് ഡൽഹിയിൽ ബിജെപി വിജയം നേടിയത്. 270 ൽ 180 ലധികം സീറ്റുകളിൽ ബിജെപി നേടിയപ്പോൾ ആം ആദമി പാർട്ടി 46 സീറ്റുമായി രണ്ടാം സ്ഥാനത്തും 31 സീറ്റുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തുമെത്തി. മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപി വിജയാഘോഷങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ട്.

ആം ആദ്മി പാർട്ടിയെ നിലംപരിശാക്കിയാണ് ഡല്‍ഹി മുൻസിപ്പൽ കോര്‍പ്പറേഷനുകളിലെ സീറ്റുകൾ ബിജെപി തൂത്തുവാരിയത്. എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതിനെക്കാൾ കൂടുതൽ സീറ്റ് നേടിയാണ് മൂന്നു മുൻസിപ്പൽ കോർപറേഷനുകളിലും ബിജെപി മിന്നും വിജയം നേടിയത്. രണ്ടാം സ്ഥാനത്തെത്താനുളള കോൺഗ്രസിന്റെ നീക്കം പരാജയപ്പെട്ടു. 31 സീറ്റുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.

എഎപി രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ബിജെപിയിൽനിന്നും വളരെ അകലെയായി. 46 സീറ്റാണ് എഎപിക്ക് കിട്ടിയത്. മുസ്‌ലിം ശക്തി കേന്ദ്ര സ്ഥലങ്ങളിൽ പോലും ബിജെപി നേട്ടമുണ്ടാക്കി. ചിലയിടങ്ങളിൽ വോട്ടുകൾ എഎപിക്കും കോൺഗ്രസിനുമായി ഭിന്നിച്ചുപോയത് ബിജെപിക്ക് നേട്ടമായി.

വടക്കൻ ഡല്‍ഹി, തെക്കൻ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി എന്നീ മൂന്ന് മുനിസിപ്പാലിറ്റികളിലായി 270 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 5.58 ശതമാനം പേരാണ് വിധിയെഴുതിയത്. 2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ