ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) മേയറായി ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഷെല്ലി ഒബ്റോയ് തിരഞ്ഞെടുക്കപ്പെട്ടു. എംസിഡി കൗണ്‍സില്‍ യോഗത്തിലെ തിരഞ്ഞെടുപ്പില്‍ 150 വോട്ടുകള്‍ നേടിയാണ് ഷെല്ലി ഒബ്റോയുടെ വിജയം. ബിജെപിയുടെ രേഖ ഗുപ്തയ്ക്ക് 116 വോട്ടുകളാണ് ലഭിച്ചത്. ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്റോയി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. 2013 മുതല്‍ എഎപിയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്.
‘ഡല്‍ഹിയിലെ ജനങ്ങള്‍ വിജയിച്ചു, ഗുണ്ടാപ്രവര്‍ത്തനം പരാജയപ്പെട്ടു’ ഷെല്ലി ഒബ്റോയുടെ വിജയത്തില്‍ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി എംസിഡി ഹൗസിനെ അഭിസംബോധന ചെയ്ത ഷെല്ലി കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും നന്ദി പറഞ്ഞു.
താന്‍ ഡിഎംസി നിയമങ്ങള്‍ പാലിക്കുമെന്നും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് എംസിഡി പ്രവര്‍ത്തിക്കുമെന്നും ഷെല്ലി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫലം പ്രഖ്യാപിച്ചതിന് ശേഷം പ്രിസൈഡിംഗ് ഓഫീസറായ ബി.ജെ.പിയുടെ സത്യ ശര്‍മ്മയില്‍ നിന്ന് ഒബ്റോയ് ചുമതലയേറ്റു, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ആറ് അംഗങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പില്‍ അധ്യക്ഷയാകും.
ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസംബറില്‍ നടന്നിരുന്നെങ്കിലും എഎപി-ബിജെപി തര്‍ക്കങ്ങളെ തുടര്‍ന്ന് മേയര്‍ തിരഞ്ഞെടുപ്പ് മൂന്നു തവണ മാറ്റിവെക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ലെഫ്. ഗവര്‍ണര്‍ വി.കെ. സക്സേന തിരഞ്ഞെടുപ്പിനായി ബുധനാഴ്ച സഭായോഗം വിളിക്കുകയായിരുന്നു.