ന്യൂഡല്‍ഹി: മേയർ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് മുന്നോടിയായി ഡല്‍ഹി കോര്‍പറേഷനില്‍ ആം ആദ്മി പാർട്ടിയുടേയും (എഎപി) ഭാരതീയ ജനത പാർട്ടിയുടേയും (ബിജെപി) കൗൺസിലർമാർ തമ്മിൽ സംഘര്‍ഷം. ആരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത് എന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതും തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിച്ചതും.
ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ ബിജെപി നിയോഗിച്ച ആൽഡർമാൻ മനോജ് കുമാറിനോട് പ്രിസൈഡിങ് ഓഫിസർ സത്യ ശർമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബഹളം തുടങ്ങിയത്. പിന്നാലെ ആംആദ്മി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ആരംഭിച്ചു.
25 വർഷത്തെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിജയിച്ച പാർട്ടിയെ മാറ്റിനിർത്തി രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയോട് ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് സഭാ നേതാവ് മുകേഷ് ഗോയൽ പറഞ്ഞു.
രീതിയനുസരിച്ച് മേയറെ തിരഞ്ഞെടുക്കാൻ യോഗത്തിന്റെ പ്രിസൈഡിങ് ഓഫിസറായി ഏറ്റവും മുതിർന്ന കൗൺസിലറെ നാമനിർദ്ദേശം ചെയ്യണമായിരുന്നുവെന്ന് എഎപി അംഗങ്ങള്‍ വാദിച്ചു. അങ്ങനെ വരുമ്പോള്‍ ആദര്‍ശ് നഗറില്‍ നിന്ന് വിജയിച്ച മുകേഷ് കുമാര്‍ ഗോയലായിരിക്കണം പ്രിസൈഡിങ് ഓഫിസറായി വരേണ്ടത്.
എന്നാൽ, ബിജെപിയുടെ ഗൗതംപുരി വാർഡ് കൗൺസിലർ സത്യ ശർമ്മയെ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന തിരഞ്ഞെടുക്കുകയും ഫയൽ ചീഫ് സെക്രട്ടറിക്ക് നേരിട്ട് അയയ്ക്കുകയും ചെയ്തതായി ആംആദ്മി ആരോപിച്ചു.
ഡിസംബറില്‍ നടന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 134 സീറ്റുകളില്‍ വിജയിച്ചാണ് ആംആദ്മി ഭരണത്തിലെത്തിയത്. ഒന്നരപതിറ്റാണ്ട് നീണ്ട ബിജെപിയുടെ ആധിപത്യത്തിനായിരുന്നു അന്ത്യമായത്. ബിജെപിക്ക് 104 സീറ്റുമാത്രമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലേക്ക് ഒതുങ്ങി.