ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു ഡ്രൈവര്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി തന്റെ വീട്ടില്‍ താമസിപ്പിക്കുകയും പിന്നീട് അവരെ സ്വന്തം വീടുകളില്‍ എത്തിക്കുകയും ചെയ്തു. എട്ടുവയസുള്ള പെണ്‍കുട്ടികള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. രണ്ട് മാസത്തെ ഇടവേളയിലാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്.
ഡല്‍ഹി സ്വദേശിയായ കൃഷണ്‍ ദത്ത് തിവാരി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മകള്‍ വേണം എന്ന തന്റെ ആഗ്രഹം സഫലീകരിക്കാനാണ് താന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൃഷണ്‍ ദത്തിന് 12ഉം 14ഉം വയസ് പ്രായമുള്ള രണ്ട് ആണ്‍മക്കളാണ് ഉള്ളത്. ശനിയാഴ്ച രാവിലെ രണ്ടാമത്തെ പെണ്‍കുട്ടിയെ തിരിച്ചെത്തിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മകളെ കാണാനില്ലെന്നു പറഞ്ഞ് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തു വന്നത്. അടുത്ത ദിവസം തന്നെ പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തി. ചോദ്യം ചെയ്യലില്‍ തന്നെ ഒരു പൊതു ശൗചാലയത്തില്‍ നിന്നാണ് ഇയാള്‍ തട്ടിക്കൊണ്ടു പോയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക ഭരദ്വാജ് പറഞ്ഞു. രണ്ടുമാസം മുന്‍പ് മറ്റൊരു പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടു പോയതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മകള്‍ വേണമെന്ന ആഗ്രഹം സഫലീകരിക്കുകയല്ലാതെ, കുട്ടികള്‍ക്ക് യാതൊരു അപകടവും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.