ന്യൂഡല്‍ഹി: കാളിയായി വസ്ത്രധാരണം നടത്തിയ ആളെ കൊലപ്പെടുത്തിയ ഏഴു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. അറസ്റ്റിലായ നാലുപേര്‍ നവീന്‍, അമന്‍ കുമാര്‍ സിങ്, മോഹിത് കുമാര്‍, സജല്‍ കുമാര്‍ മഹേശ്വരി എന്നിവരാണെന്ന് പൊലീസ് അറിയിച്ചു.

മെയ് 22-ാം തീയതി അര്‍ദ്ധരാത്രിയിലാണ് എന്‍എസ്‌ഐസി വനത്തില്‍ നിന്ന് കാലു എന്ന ആളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. നെഞ്ചിലും മുഖത്തും തലയിലും കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അന്ത്യ കര്‍മങ്ങള്‍ക്കായി മൃതദേഹം കാലുവിന്റെ സഹോദരനു വിട്ടു നല്‍കി. കാലു അനാഥനായിരുന്നുവെന്നും കല്‍കാജി മന്ദിറിനു സമീപമുള്ള ധര്‍മ്മശാലയിലാണ് വളര്‍ന്നതെന്നും പൊലീസ് പറയുന്നു.

‘കാലു മഹാ കാളിയുടെ ഭക്തനായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കൊപ്പം അദ്ദേഹം സമയം ചെലവഴിക്കാറുണ്ടായിരുന്നു. ചൊവ്വ, ശനി ദിവസങ്ങളില്‍ അദ്ദേഹം സ്വയം കാളിയായി വസ്ത്രം ധരിക്കും. കറുപ്പും ചുവപ്പും നിറത്തിലുള്ള ചുരിദാറും പാദസരവുമായിരുന്നു ആ ദിവസങ്ങളില്‍ കാലുവിന്റെ വസ്ത്രം. കൊലചെയ്യപ്പെട്ട രാത്രിയിലും ഇതേ വസ്ത്രമായിരുന്നു കാലു ധരിച്ചിരുന്നത്,’ ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചിന്മയ് ബിശ്വാല്‍ പറഞ്ഞു.

പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കൊല നടന്ന ദിവസം രാത്രി തങ്ങള്‍ മദ്യപിച്ചിരുന്നുവെന്നും വരും വഴി കാലുവിനെ ഈ രൂപത്തില്‍ കണ്ടപ്പോള്‍ കളിയാക്കിയെന്നും അയാള്‍ പ്രകോപിതനായപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ