ന്യൂഡൽഹി: ലോക്ക്ഡൗൺ ഉത്തരവുകൾ അവഗണിച്ച് എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന അച്ഛന് എട്ടിന്റെ പണി കൊടുത്ത് മകൻ. ഡൽഹിയിലാണ് സംഭവം നടന്നത്. അച്ഛന്റെ ഈ സ്വഭാവത്തിൽ അതൃപ്തനായ മകൻ പൊലീസിൽ പരാതി കൊടുക്കുകയും പിതാവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ലോക്ക്ഡൗൺ ഉത്തരവുകളെ കുറിച്ചും അത് പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മകൻ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും 59കാരനായ പിതാവ് ചെവികൊടുത്തില്ല. കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച 21 ദിന സമ്പൂർണ ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കും.

പിതാവിന്റെ കൂസലില്ലായ്മയാണ് മകനെ ചൊടിപ്പിച്ചത്. ഒടുവിൽ 30കാരനായ ഇദ്ദേഹം പിതാവിനെതിരെ പൊലീസിൽ പരാതി കൊടുക്കുകയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Read More: ഏപ്രിൽ 14ന് ശേഷം ‘ഭാഗിക ലോക്ക്ഡൗണ്‍’

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 336 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഹർഷ്‌വർധൻ പറഞ്ഞു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 2,301 പേരിലാണ്. 56 പേർ രോഗം ബാധിച്ച് മരിച്ചു. അതീവ ജാഗ്രതയിലാണ് രാജ്യം. നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. സ്വന്തം ജീവൻ പോലും പരിഗണിക്കാതെ കോവിഡ് പ്രതിരോധത്തിനായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,002,159 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 50,230 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. സ്‌പെയിനിൽ വ്യാഴാഴ്ച മാത്രം 950 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച 2,04, 605 പേർ ഇതുവരെ രോഗവിമുക്തരായി.

കോവിഡ്-19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ തുടരുകയാണ്. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് വീഡിയോ സന്ദേശം നൽകി. ലോക്ക്ഡൗൺ ഒൻപതാം ദിവസത്തിലേക്ക് എത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ ഹ്രസ്വ വീഡിയോ സന്ദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook