ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ ആദ്യമായി സ്വകാര്യ പങ്കാളിത്തത്തോടെ രണ്ട് ട്രെയിനുകള്‍ ഓടും. ഇതില്‍ ഒന്ന് ഡല്‍ഹി-ലക്നൗ തേജസ് എക്സ്പ്രസാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ 100 ദിവസത്തെ വികസന അജണ്ടയുടെ കീഴിലാണ് റെയില്‍വെയുടെ പുതിയനീക്കം.
എന്നാല്‍ തീരുമാനത്തിനെതിരെ രാജ്യത്തുടനീളമുളള റെയില്‍വേ യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. 2016ലാണ് തേജസ് എക്സ്പ്രസ് യാത്ര ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ ആനന്ദ്നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന തേജസ് എക്സ്പ്രസ് നടപടിക്രമങ്ങള്‍ക്ക് ശേഷം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറും.
2030 വരെയുള്ള റെയില്‍വെയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞിരുന്നു. സ്വകാര്യ നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും ബജറ്റിനിടെ കേന്ദ്രമന്ത്രി വ്യക്തമാക്കി.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ റെയില്‍ പോലുള്ള പ്രത്യേക സൗകര്യങ്ങള്‍ വിപുലീകരിക്കുമെന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പാളങ്ങളുടെ നിര്‍മാണത്തിന് സ്വകാര്യ പങ്കാളിത്തം തേടും. നിലവില്‍ റെയില്‍വെയുടെ മൂലധന നിക്ഷേപം 1.5-1.6 ലക്ഷം കോടി രൂപയാണ്. ഇത് വരുന്ന പത്ത് വര്‍ഷത്തിനിടെ 50 ലക്ഷം കോടിയാക്കണം. ഇതിന് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്നും നിര്‍മല സീതാരാമന് വിശദമാക്കി.