ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജിക്കത്ത് സമർപ്പിച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബൈജൽ രാജിവെച്ചതെന്നാണ് വിവരം. അഞ്ച് വർഷവും അഞ്ച് മാസവും സേവനമനുഷ്ഠിച്ച ശേഷമാണ് രാജി.
2016 ഡിസംബറിൽ നിയമിതനായ 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്ത് ഡിഡിഎ വൈസ് ചെയർപേഴ്‌സണും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായിരുന്നു. പ്രസാർ ഭാരതി, ഇന്ത്യൻ എയർലൈൻസ് എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ കമ്പനികളുടെ തലവനായിരുന്ന ബൈജൽ നഗരവികസന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ജവഹർലാൽ നെഹ്‌റു നഗര നവീകരണ മിഷന്റെ നേതൃത്വം അദ്ദേഹം വഹിച്ചിരുന്നു.
നിലവിലെ റെയിൽവേ മന്ത്രിയായ എസ്പി പ്രഭു അധ്യക്ഷനായ പവർ, കൽക്കരി, പുനരുപയോഗ ഊർജം എന്നിവയുടെ സംയോജിത വികസനത്തിനായുള്ള ഉപദേശക സംഘത്തിലെ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.
ഭരണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം വിഷയങ്ങളിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ബൈജൽ തർക്കത്തിലായിരുന്നു. സംസ്ഥാന സർക്കാരിനൊപ്പം നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കെജ്‌രിവാളും അദ്ദേഹത്തിന്റെ മന്ത്രിസഭയും എൽജി ഓഫീസിൽ ധർണ നടത്തകയും ചെയ്തിരുന്നു.