ന്യൂഡല്‍ഹി:രാഷ്ട്രീയ പരസ്യങ്ങള്‍ സര്‍ക്കാര്‍ പരസ്യമായി പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ആംആദ്മിക്കെതിരെ(എഎപി) നടപടിയെടുക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍ജി) വിനയ് കുമാറിന്റെ നിര്‍ദേശം. എഎപിയില്‍ നിന്ന് 97 കോടി രൂപ തിരിച്ചുപിടിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്ക നിയന്ത്രണത്തിനുള്ള സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ (സിസിആര്‍ജിഎ) ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരസ്യത്തിലെ ഉള്ളടക്ക നിയന്ത്രണ സമിതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൂടാതെ സുപ്രീം കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ആം ആദ്മി പാര്‍ട്ടി ലംഘിച്ചെന്നാരോപിച്ചാണ് ഗവര്‍ണറുടെ നടപടി. സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക്, പാര്‍ട്ടി 97 കോടി രൂപ നല്‍കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്. എന്നാല്‍ ഇക്കാര്യത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്
വ്യക്തമായ ധാരണയില്ലെന്നും ഗവര്‍ണര്‍ ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നം എഎപിയുടെ ആരോപിച്ചു.
സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് പാര്‍ട്ടി നല്കിയ പരസ്യങ്ങള്‍ക്ക് പണം നല്കാന് ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ സംസ്ഥാന ഖജനാവ് ഉപയോഗിച്ചെന്ന് ആരോപിച്ച് മുന്‍ എല്‍-ജി അനില്‍ ബൈജാലും സമാനമായ എതിര്‍പ്പുകള്‍ ഉന്നയിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്, പരസ്യ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം 2017-ല്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ ഉത്തരവിനെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി (ഡിഐപി) നല്കിയ പരസ്യത്തില്‍ ആം ആദ്മി സര്‍ക്കാര്‍ എത്ര പണം ചെലവഴിച്ചുവെന്നും അന്വേഷിച്ചു.
‘എഎപി ഒരു ദേശീയ പാര്‍ട്ടിയായി മാറി…ബിജെപിക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കൂടുതല്‍ പരിശ്രമിക്കാം, പക്ഷേ എഎപി തലയുയര്‍ത്തി നില്ക്കും, ഡല്‍ഹിയില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആരെയും അനുവദിക്കില്ല,’ എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇത്തരം ഉത്തരവുകള്‍ പാസാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ബിജെപിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അദ്ദേഹം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയും ജോലി തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.