ന്യൂഡൽഹി: തട്ടിപ്പു കേസിലെ പ്രതിയെ കേരള പൊലീസ് വിദഗ്‌ധമായി ഡൽഹിയിൽനിന്നും പിടികൂടി. നിരവധി തട്ടിപ്പു കേസുകളിലെ പ്രതി സുരേഷിനെ കേരള പൊലീസ് സൈബർ സെൽ യൂണിറ്റിലെ ടീം ആണ് പിടികൂടിയത്.

ഡൽഹിയിലെ ആർകെ പുര സെക്ടറിൽ സുരേഷുണ്ടെന്ന് പൊലീസ് വിവരം ലഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും പ്രദേശവാസികളോട് കാര്യങ്ങൾ തിരക്കിയതിൽനിന്നും അത് സുരേഷാണെന്ന് ഉറപ്പായി. തുടർന്ന് ആർകെ പുരം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി. കോളനിയിൽ പൊലീസ് വേഷത്തിൽ കടക്കാനാവില്ലെന്ന് മനസ്സിലാക്കിയ സംഘം പഴം പച്ചക്കറി വിൽപ്പനക്കാരായും ബാങ്ക് ഉദ്യോഗസ്ഥരായും ചമഞ്ഞാണ് സുരേഷിനെ പിടികൂടിയത്.

ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തമിഴ്നാട്ടിലെ സേലം സ്വദേശിയായ സുരേഷ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു. ആൾക്കാരെ വിളിച്ചശേഷം അവരിൽനിന്നും ഒടിപി നമ്പറും അക്കൗണ്ട് വിവരങ്ങളും ശേഖരിക്കും. ഇതുപയോഗിച്ച് അവരുടെ അക്കൗണ്ടിൽനിന്നുളള പണം തന്റെ പേരിലുളള മറ്റു പല അക്കൗണ്ടിലേക്കും സുരേഷ് ട്രാൻസ്ഫർ ചെയ്തിരുന്നുവെന്ന് പൊലീസ് ഓഫിസർ പറഞ്ഞു.

ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ സുരേഷ് ഡൽഹിയിലുണ്ടെന്ന് വ്യക്തമായി. ഇതോടെ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരം പൊലീസ് സംഘം ഡൽഹിയിൽ എത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത സുരേഷിനെ തിഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇയാളെ റിമാൻഡിൽ വിട്ടുകിട്ടുന്നതിനുളള നടപടികൾ തുടരുകയാണെന്ന് ഇൻസ്പെക്ടർ എം.ബിജു പറഞ്ഞു. സുരേഷിനെ തിരുവനന്തപുരത്ത് എത്തിച്ചശേഷം കൂടുതൽ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര പ്രദേശി, പഞ്ചാബ് എന്നിവിടങ്ങളിൽ സുരേഷ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാളുടെ സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നും ഇവർക്കായുളള അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook