ന്യൂഡല്‍ഹി: പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കൈവശം വച്ചുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. സ്ട്രാറ്റജിക് അഫയേഴ്സ് അനലിസ്റ്റും എഴുത്തുകാരനുമായ രാജീവ് ശര്‍മയെയാണു ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാ(ഒഎസ്എ)ണ് അറസ്റ്റ്.

വാര്‍ത്താ ഏജന്‍സിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎന്‍ഐ), ദി ട്രിബ്യൂണ്‍, സകാല്‍ ടൈംസ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാജീവ് ശര്‍മയെ സെപ്റ്റംബര്‍ 14 നാണ് അറസ്റ്റ് ചെയ്തത്. ചൈനീസ് ദിനപത്രമായ ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ ശര്‍മ ലേഖനം എഴുതിയിരുന്നു.

പിതംപുര നിവാസിയായ രാജീവ് ശര്‍മയെ ഡല്‍ഹി പൊലീസ് പ്രത്യേക സെല്ലാണ് അറസ്റ്റ് ചെയ്തതെന്ന് ഡിസിപി സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു. പിറ്റേ ദിവസം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് ഇയാളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിരോധവുമായി ബന്ധപ്പെട്ട ചില രഹസ്യ രേഖകള്‍ ശര്‍മയുടെ പക്കലുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി പറഞ്ഞു.

Also Read: ‘അതിഥി തൊഴിലാളിയായി താമസം, ജോലിക്ക് പോകുക ആഴ്‌ചയിൽ രണ്ട് ദിവസം’

‘രാജീവ് കിഷ്‌കിന്ദ’ എന്ന പേരില്‍ 11,900 സബ്സ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനല്‍ ശര്‍മ നടത്തുന്നുണ്ട്. അറസ്റ്റിലായ ദിവസം അദ്ദേഹം രണ്ട് വീഡിയോകള്‍ ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അതിലൊന്ന്, ‘ചൈന ഇപ്പോഴും കുഴപ്പം സൃഷ്ടിച്ചേക്കാം’ എന്നു പറയുന്ന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയിരുന്നു. ”ഒരു കരാറുണ്ടായിട്ടും … ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ധാരണയിലെത്തിയിട്ടും, സമാധാനത്തിലേക്കുള്ള വഴി ഇപ്പോഴും തേടുകയാണ്. മോസ്‌കോയില്‍ ഇരു വിദേശകാര്യ മന്ത്രിമാര്‍ ധാരണയെത്തിയതു പ്രകാരം എല്ലാം നടക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല,” എന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

മാധ്യമങ്ങളുടെ അവസ്ഥയെക്കുറിച്ച് ഹിന്ദിയിലുള്ള മറ്റൊരു വീഡിയോ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ”ഇന്ത്യന്‍ മാധ്യമങ്ങളുടെ അവസ്ഥ ദയനീയമാണ്. മാധ്യമങ്ങള്‍ കാവല്‍ നായ ആയിരിക്കേണ്ടതിനു പകരം സര്‍ക്കാരിന്റെ വളര്‍ത്തുനായ ആയി മാറി” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്.

5,300 ഫോളോവേഴ്സുള്ള ശര്‍മയുടെ ട്വിറ്റര്‍ അക്കൗണ്ട് വെള്ളിയാഴ്ച രാത്രി വൈകി മുതല്‍ ലഭ്യമല്ല. ‘അസാധാരണമായ ചില പ്രവര്‍ത്തനങ്ങള്‍ നടന്നതിനാല്‍ താല്‍ക്കാലികമായി നിയന്ത്രിച്ചിരിക്കുന്നു’വെന്നാണ് അക്കൗണ്ട് പരിശോധിക്കുമ്പോള്‍ കാണുന്ന സന്ദേശം.

Also Read: ഒൻപത് അൽ ഖായിദ പ്രവർത്തകർ പിടിയിൽ; കൊച്ചിയിൽ നിന്ന് മൂന്ന് പേരെ പിടികൂടിയത് പുലർച്ചെ

‘ബീജിങ്ങിനും ന്യൂഡല്‍ഹിക്കും വേണ്ടിയുള്ള സമീപന രൂപരേഖ ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമാകും’ എന്ന പേരില്‍ സെപ്റ്റംബര്‍ ഏഴിനു ഗ്ലോബല്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ”ഏറ്റവും പുതിയ സംഘര്‍ഷം ആരംഭിച്ച മേയ് അഞ്ചിനു രാത്രി മുതലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സ്ഥിരമായ തകര്‍ച്ച, കഴിഞ്ഞ വര്‍ഷങ്ങളിലെ നയതന്ത്ര നേട്ടങ്ങളെല്ലാം ഒറ്റ പ്രഹരത്തിലൂടെ ഇല്ലാതാക്കി,” എന്നാണ് അദ്ദേഹം പറയുന്നത്.

നിരവധി പുസ്തകങ്ങള്‍ എഴുതിയ രാജീവ് ശര്‍മ, ഇസ്രായേലി സ്‌പൈവെയര്‍ പെഗാസസ് വഴി ഫോണുകള്‍ നിരീക്ഷിക്കാന്‍ ലക്ഷ്യമിടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയവരില്‍ ഒരാളാണ്.

Read in IE: Delhi journalist arrested under OSA, police say had classified defence papers

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook