ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ജഹാംഗീർപുരിയിൽ ഇരുപത്തിരണ്ടുകാരിയെ കത്തിമുനയിൽ നിർത്തി അഞ്ചംഗ സംഘം കൂട്ടബലാൽസംഗം ചെയ്തു. ഈ കേസിലെ പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. പാർലമെന്ര് സ്ഥിതി ചെയ്യുന്ന സെൻട്രൽ ഡൽഹിയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ ദൂരെയാണ് സംഭവം നടന്നത്. നിർഭയ സംഭവത്തിന്രെ വാർഷികം പിന്നിട്ട് ദിവസങ്ങൾക്കുളളിലാണ് തലസ്ഥാനത്ത് ഈ അക്രമം അരങ്ങേറിയത്.

ജഹാംഗീർപുരിയിലെ താമസക്കാരിയായ യുവതി സമീപവാസിയായ പ്രായപൂർത്തിയാകാത്ത സുഹൃത്തിന്രെ വീട്ടിലെ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.  ആതിഥേയനൊപ്പം നാല് സുഹൃത്തുക്കൾ കൂടി ആഘോഷത്തിൽ പങ്ക് ചേരാൻ എത്തുകയും അഞ്ചുപേരും ചേർന്ന് നിർബന്ധിച്ച് മദ്യം കഴിപ്പിച്ചാണ് യുവതിയെ ബലാൽസംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

യുവതിയും പ്രതികളിലൊരാളും അടുത്തിടെയാണ് സുഹൃത്തുക്കളായത്. സുഹൃത്തായ പ്രതിയാണ് ജഹാംഗീർപുരിയിലെ ഇ ബ്ലോക്കിലെ വീട്ടിലെ ആഘോഷത്തിന് ക്ഷണിച്ചത്. ബുധനാഴ്ച വൈകുന്നേരം യുവതി വീട്ടിലെത്തിയപ്പോൾ കൗമാരക്കാരന്രെ നാല് സുഹൃത്തുക്കൾ കൂടെ വീട്ടിലുണ്ടായിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട്  പറഞ്ഞു.

കൗമാരക്കാരനായ സുഹൃത്തിന്രെ വസതിയിലെത്തിയ യുവതിയെ അഞ്ച് മണിക്കൂറോളം ബന്ദിയാക്കി കത്തിമുനയിൽ നിർത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. രാത്രി ഒന്നരയോടെ അവിടെ നിന്നും ഇറക്കി വിടുകയും ആരോടെങ്കിലും ഈ സംഭവം പറഞ്ഞാൽ ഗുരുതരമായിരിക്കും അതിന്രെ ഭവിഷ്യത്തെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പൊലീസിൽ പരാതി നൽകി. മെഡിക്കൽ പരിശോധനയിൽ ബലാൽസംഗം ചെയ്യപ്പെട്ടത് സ്ഥിരീകരിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. 22 വയസ്സുളള ഇയാളെ 14 ദിവസത്തേയ്ക്ക് തിഹാർ ജയിലിലേയ്ക്ക് അയച്ചു. പ്രായപൂർത്തിയാകാത്ത നാല് പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം ജുവനൈൽ ഹോമിലേയ്ക്ക് അയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook