Latest News

കൊല്ലപ്പെട്ട ട്രക്ക് ഡ്രൈവറുടെ കുടുംബത്തിന് എല്ലാ മാസവും പാതി ശമ്പളം അയച്ച് ഐപിഎസ് ഓഫീസര്‍

‘ഞങ്ങള്‍ മാഡത്തെ കണ്ടിട്ട് പോലുമില്ല, എല്ലാ ദിവസവും വിളിച്ച് അവര്‍ സംസാരിക്കാറുണ്ട്’; ബല്‍ജീത് കൗര്‍

ന്യൂഡല്‍ഹി: സഹോദരന്റെ മകന്റെ വിവാഹത്തിനായി നാളുകളായി സ്വരൂപിച്ച് കൂട്ടിയ 80,000 രൂപയുമായി മാസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് പോകവെയാണ് സര്‍ദാര്‍ മാന്‍ സിങ് കൊല്ലപ്പെട്ടത്. മാസങ്ങളോളം വീട്ടില്‍ നിന്നും വിട്ട് ഇന്ത്യയില്‍ പലയിടത്തും ട്രക്ക് ഓടിച്ചെത്തുന്ന അദ്ദേഹത്തിന് എന്നാല്‍ ആ രാത്രി ഡല്‍ഹിയില്‍ വഴി തെറ്റി പോവുകയായിരുന്നു. ആളൊഴിഞ്ഞ റോഡ് വഴി ഏറെ നേരം യാത്ര ചെയ്‌ത ശേഷമാണ് തനിക്ക് വഴി തെറ്റിപ്പോയ കാര്യം അദ്ദേഹം മനസ്സിലാക്കിയത്.

മാസങ്ങള്‍ക്ക് ശേഷം ഭാര്യയേയും മൂന്ന് കുട്ടികളേയും കാണാനായി വരുന്ന വഴിയിലാണ് വഴി തെറ്റിയ മാന്‍ സിങ് അപരിചിതരായ രണ്ട് പേരോട് വഴി ചോദിച്ചത്. എന്നാല്‍ മാന്‍ സിങ്ങിനെ സഹായിക്കുന്നതിന് പകരം രണ്ട് കൊള്ളക്കാരും അദ്ദേഹത്തിന്റെ പണവും മറ്റ് സാധനങ്ങളും അപഹരിക്കാനാണ് ശ്രമിച്ചത്. പ്രതിരോധിച്ച് നിന്നതോടെ മാന്‍ സിങ്ങിനെ ഇവര്‍ ആക്രമിച്ച് പണവുമായി കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ട്രക്ക് ഓടിച്ച് അടുത്തുളള ആശുപത്രി ലക്ഷ്യമാക്കി നീങ്ങിയെങ്കിലും വഴിയില്‍ ചോരവാര്‍ന്ന് മരിച്ചു.

അദ്ദേഹത്തിന്റെ ഭാര്യായ ദര്‍സന്‍ കൗര്‍, മക്കളായ ബല്‍ജീത് കൗര്‍, ജസ്‌മീത്, അസ്‌മിത് എന്നിവര്‍ പിറ്റേന്നാണ് കൊലപാതക വിവരം അറിഞ്ഞത്. പിതാവിന്റെ വിയോഗത്തിന് ശേഷം എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാതിരുന്ന തങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്നും ഒരു ഫോണ്‍ സന്ദേശം വന്നതായി ബല്‍ജിത് പറഞ്ഞു. ഡിസിപി ആയിരുന്ന അസ്‌ലം ഖാന്‍ ആയിരുന്നു ഫോണ്‍ ചെയ്‌തത്. എല്ലാ മാസവും തങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയക്കാം എന്നാണ് ഡിസിപി മാഡം അറിയിച്ചതെന്ന് ബല്‍ജീത് പറഞ്ഞു. തങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തിനായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കാമെന്നും ഡിസിപി അറിയിച്ചതായും കൗമാരക്കാരിയായ ബല്‍ജീത് പറഞ്ഞു.

തുടര്‍ന്ന് എല്ലാ മാസവും ഐപിഎസ് ഓഫീസറായ അസ്‌ലം ഖാന്‍ ഇവര്‍ക്ക് തന്റെ ശമ്പളത്തിന്റെ പാതി അയച്ചുകൊടുക്കുന്നുണ്ട്. ‘ഞങ്ങള്‍ മാഡത്തെ കണ്ടിട്ട് പോലുമില്ല, എല്ലാ ദിവസവും വിളിച്ച് അവര്‍ സംസാരിക്കാറുണ്ട്. എന്റെ പഠനത്തെ കുറിച്ചാണ് അവര്‍ പ്രത്യേകിച്ച് സംസാരിക്കാറുളളത്. ജമ്മുവിലെ ഒരു നല്ല സ്കൂളില്‍ അനിയന് പ്രവേശനം നോക്കണമെന്നാണ് മാഡം പറഞ്ഞത്. എനിക്കും മാഡത്തെ പോലെ ഒരു ഐപിഎസ് ഓഫീസറായി ഡല്‍ഹിയില്‍ ജോലി ചെയ്യണം’, ബല്‍ജീത് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi ips officer gives half her salary to family of truck driver killed by robbers

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com