ഡൽഹിയിലെ ഷാഹ്ദാരയിൽ ഓൾഡ് സീമാപുരി പ്രദേശത്ത് ബാഗിനകത്ത് സൂക്ഷിച്ച നിലയിൽ സ്ഫോടകവസ്തു കണ്ടെത്തി. നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, ഡൽഹി ഫയർ സർവീസസ്, ബോംബ് ഡിസ്പോസൽ സ്ക്വാഡ് എന്നിവയുടെ സംഘങ്ങൾ സ്ഥലത്തെത്തി.
“സംശയാസ്പദമായി തോന്നുന്ന ബാഗ്” സംബന്ധിച്ച് ഉച്ചകഴിഞ്ഞ് ഒരു ഫോൺ കോൾ ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തുവെന്ന് ഡൽഹി പോലീസ് അറിയിച്ചു.
“ഞങ്ങൾ എൻഎസ്ജി സംഘങ്ങളെ വിവരമറിയിച്ചു, അവർ വന്ന് ബാഗ് എടുത്തു. ബാഗിൽ സ്ഫോടക വസ്തുവിന്റെ സാന്നിദ്ധ്യം ഇവർ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബാഗ് എടുത്തിട്ടുണ്ട്, സുരക്ഷിതമായി നീക്കം ചെയ്യും, ”സ്പെഷ്യൽ സെല്ലിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ആളൊഴിഞ്ഞ വീട്ടിലാണ് ബാഗ് സൂക്ഷിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ഡൽഹിയിലെ ഗാസിപൂർ പൂ മാർക്കറ്റിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തിയിരുന്നു.