ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക. ഇതു സംബന്ധിച്ച് കേന്ദ്രം നൽകിയ സത്യവാങ്മൂലവും കോടതി പരിഗണിക്കും.
സെൻട്രൽ വിസ്ത പദ്ധതിക്കെതിരായ ഹർജി നിയമപ്രക്രിയയുടെ പൂർണമായ ദുരുപയോഗമാണെന്നും പിഴ വിധിച്ച് ഹർജി തള്ളണമെന്നുമാണ് സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാരിന്റെ ആവശ്യം. പദ്ധതി തടസപ്പെടത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. ഒപ്പം നിർമാണ സ്ഥലത്തിന് പുറത്തുനിന്നുള്ളവരാണ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന ആരോപണവും സർക്കാർ തള്ളുന്നു.
Read Also: ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു
ഹർജിക്കാർ ആരോപിക്കുന്നത് പോലെ ഇപ്പോൾ നടക്കുന്നത് സെൻട്രൽ വിസ്ത പദ്ധതിയല്ലെന്നും പരേഡ് നടക്കുന്ന രാജ്പഥിന്റെ പുനർനിർമാണമാണെന്നും ഇത് ജനങ്ങൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടിരിക്കുന്നവർ എല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.