ന്യൂഡൽഹി: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ ഭിന്നവിധി. ഭർതൃ ബലാത്സംഗത്തിന് ഇളവ് നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് രണ്ടംഗ ബഞ്ചിലെ ജസ്റ്റിസ് രാജിവ് ശക്ധറും ഭർതൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധമല്ലെന്ന് സി ഹരി ശങ്കറും വിധി പറഞ്ഞു.
വിവാഹ പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളിലെ പരിധിയിൽ നിന്ന് ഇളവ് നൽകുന്ന ഐപിസിയിലെ 375 (2) വകുപ്പ് ജസ്റ്റിസ് രാജിവ് ശക്ധർ റദ്ദാക്കി. എന്നാൽ ഇത് ആർട്ടിക്കിൾ 14, 19, 21 എന്നിവ ലംഘിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് സി ഹരി ശങ്കറിന്റെ വിധി.
വിഷയത്തിൽ കാര്യമായ നിയമപ്രശ്‌നങ്ങൾ ഉൾപ്പെട്ടതിനാൽ കേസ് സുപ്രീം കോടതിയ്ക്ക് വിടാൻ ബെഞ്ച് തീരുമാനിച്ചു. ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ 2015 മുതൽ കോടതിയുടെ പരിഗണനയിലാണ്. ആർഐടി ഫൗണ്ടേഷനും ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷനുമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിലവിൽ വിവാഹശേഷമുള്ള ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമല്ല.
നേരത്തെ, ഫെബ്രുവരി ഏഴിന് ഹർജിയിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ സംസ്ഥാനസർക്കാരുകളും മറ്റുമായി കൂടിയാലോചന നടത്തണമെന്നും അതിന് കൂടുതൽ സമയംവേണമെന്നമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. എന്നാൽ ഇത് നിരസിച്ച കോടതി ഫെബ്രുവരി 21ന് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
Also Read: രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി