ന്യൂഡൽഹി: ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥതയിലുള്ള ശബ്ദരേഖകൾ ദുരുപയോഗം ചെയ്തതിനും തൊഴിൽ കരാർ ലംഘിച്ചതിനും റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഹൈക്കോടതി നോട്ടീസ്. ഡൽഹി ഹൈകോടതിയാണ് അർണബിന് നോട്ടീസ് അയച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ടൈംസ്​ നൗവി​​​ന്റെ ഉടമകളായ ബെന്നറ്റ്​ കോൾമാൻ ആൻഡ്​ ലിമിറ്റഡ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ കോടതി നോട്ടീസയച്ചത്.

അർണബിനെ കൂടാതെ ടൈംസ്​ നൗ റിപ്പോർട്ടറായിരുന്ന പ്രേമ ശ്രീദേവിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്​. ആര്‍ജെഡി നേതാവ് ലാലു പ്രസാദ്​ യാദവ്​ ജയിൽ പുള്ളിയുമായി സംസാരിക്കുന്നതി​​​ന്റേയും സുനന്ദപുഷ്​കറി​​​ന്റെ മരണത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുമുള്ള സംഭാഷണങ്ങളും ടൈംസ്​ നൗവിൽ നിന്ന് മോഷ്​ടച്ചതാണെന്നാണ്​ അവർ ആരോപിക്കുന്നത്​​. അർണബ് ഗോസ്വാമിയുടെ ചാനലായ റിപ്പബ്ലിക് ടിവി എക്​സ്​ക്ലൂസിവ് എന്ന അവകാശവാദത്തോടെയായിരുന്നു ഈ ശബ്ദരേഖകൾ പുറത്തുവിട്ടത്. മോഷണം, വിശ്വാസ വഞ്ചന, ബൗദ്ധിക സ്വത്തവകാശം ലംഘിക്കൽ എന്നീ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്​.

ഈ മാസം ആറിനും എട്ടിനുമാണ് റിപബ്ലിക് ടിവി വിവിധ സമയങ്ങളിലായി രണ്ടു ടേപ്പുകള്‍ സംപ്രേഷണം ചെയ്തത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് വ്യാഖ്യാനിക്കുന്ന ടേപ്പ് ആണ് ചാനല്‍ പുറത്തുവിട്ടത്. ലാലുപ്രസാദ് യാദവ് ജയിലിലുള്ള മുന്‍ എംപി ഷഹാബുദ്ദീനുമായി സംസാരിക്കുന്ന ടേപ്പായിരുന്നു മറ്റൊന്ന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ