ന്യൂഡല്‍ഹി: ഖുര്‍ആനിലെയും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളിലെയും അധ്യാപനങ്ങളില്‍ ആര്‍ക്കും പകര്‍പ്പവകാശമില്ലെന്നു ഡല്‍ഹി കോടതിയുടെ നിരീക്ഷണം. പകര്‍പ്പവകാശ ലംഘന ഹര്‍ജി തള്ളിയ കോടതി പരാതിക്കാരന് ചെലവ് ഇനത്തിൽ 50,000 രൂപ പിഴ ചുമത്തി.
‘ഇസ്ലാമിക് സ്റ്റഡീസ്’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരനെതിരെയാണു ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. ജില്ലാ ജഡ്ജി (കൊമേഴ്സ്യല്‍) സഞ്ജീവ് കുമാര്‍ അഗര്‍വാളിന്റേതാണ് ഉത്തരവ്.
”വിശുദ്ധ ഗ്രന്ഥങ്ങളായ ഖുര്‍ആനിലും ഹദീസിലും ഇസ്ലാം മതവുമായി ബന്ധപ്പെട്ട മറ്റ് മതഗ്രന്ഥങ്ങളിലുമുള്ള അധ്യാപനങ്ങള്‍ പോലെ ചില ഉള്ളടക്കങ്ങള്‍ ഇസ്ലാം മതം സംബന്ധിച്ച എല്ലാ ഗ്രന്ഥങ്ങളിലും സമാനമായിരിക്കും. എന്റെ വീക്ഷണത്തില്‍, വിശുദ്ധ ഗ്രന്ഥങ്ങളായ ഖുര്‍ആനിലോ ഹദീസിലോ മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളിലോ ഉള്ള ഈ അധ്യാപനങ്ങളില്‍ ആര്‍ക്കും പകര്‍പ്പവകാശമില്ല,” കോടതി പറഞ്ഞു.
ഇസ്ലാമിക് പുസ്തകങ്ങളുടെ പ്രസാധകരും കയറ്റുമതിക്കാരുമായ ഡല്‍ഹി ദര്യഗഞ്ചിലെ ഇസ്ലാമിക് ബുക്ക് സര്‍വീസ് (പ്രൈവറ്റഡ്) ലിമിറ്റഡാണു കോടതിയെ സമീപിച്ചത്. ‘ഇസ്ലാമി തലീമത്ത്’ എന്ന പുസ്തകപരമ്പര (ഒന്നു മുതല്‍ എട്ടുവരെ ഭാഗങ്ങള്‍)യുടെ ഉടമയും രചയിതാവും മൗലവി അബ്ദുള്‍ അസീസാണെന്ന് അവകാശപ്പെട്ടാണു കേസ് ഫയല്‍ ചെയ്തത്. പുസ്തകത്തിന്റെ പകര്‍പ്പവകാശം നിരുപാധികമായി കമ്പനിക്കു നല്‍കിയതാണെന്നും സൃഷ്ടിയുടെ കൈയെഴുത്തുപ്രതി കൈമാറിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മൗലവി അബ്ദുള്‍ അസീസിന്റ കൃതി ‘ഇസ്ലാമിക പഠനം ഗ്രേഡ് ഒന്നു മുതല്‍ അഞ്ചു വരെ’ എന്ന പേരില്‍ കുറ്റാരോപിതനായ അബ്ദുറഊഫ് നജീബ് ബക്കലി 2018 മേയ് മുതല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയെന്ന് അറിഞ്ഞതായി കമ്പനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
‘സ്റ്റഡീസ് ഇന്‍ ഇസ്ലാം’ (ഗ്രേഡ് ഒന്നു മുതല്‍ എട്ടുവരെ) എന്ന പുസ്തക പരമ്പര 1992 മുതല്‍ പ്രത്യേകമായും തുടര്‍ച്ചയായും പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇതു ഡല്‍ഹിയിലും വിദേശത്തും വിപുലമായ തോതില്‍ വില്‍ക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ‘ഇസ്ലാമിക് സ്റ്റഡീസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിലൂടെ കുറ്റാരോപിതന് പകര്‍പ്പവകാശം ലംഘിച്ചുവെന്നും കമ്പനി ആരോപിച്ചു.
എന്നാല്‍ കുറ്റാരോപിതന് ‘ഇസ്ലാമിക് സ്റ്റഡീസ്’ എന്ന പുസ്തകത്തിലെ ‘സ്റ്റഡീസ് ഇന്‍ ഇസ്ലാം ഗ്രേഡ് ക’ല്‍ നിന്ന് ഉള്ളടക്കം പകര്‍ത്തിയിട്ടുണ്ടോ കോടതി പരിശോധിച്ചു. ”പരാതിയിലോ തെളിവിലോ വാദിയുടെയും പ്രതിയുടെയും പുസ്തകങ്ങളുടെ താരതമ്യം നല്‍കിയിട്ടില്ല. പിന്നെയെങ്ങനെ പുസ്തകം പകര്‍ത്തിയെന്നും അതുവഴി ‘സ്റ്റഡീസ് ഇന്‍ ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പകര്‍പ്പവകാശ ലംഘനം നടത്തിയെന്നും പറയാനാകുമെന്നും കോടതി ചോദിച്ചു.
‘ഇസ്ലാമിക് സ്റ്റഡീസ്’ എന്ന പുസ്തകത്തിന്റെ മേല്‍ എന്തെങ്കിലും പകര്‍പ്പവകാശമുണ്ടെന്ന് തെളിയിക്കുന്നതില്‍ കമ്പനി ദയനീയമായി പരാജയപ്പെട്ടുവെന്നു നിരീക്ഷിച്ച കോടതി 50,000 രൂപ ചെലവിനത്തില്‍ എതിര്‍കക്ഷിക്കു നല്‍കണമെന്നും ഉത്തരവിട്ടു.