ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മൂന്ന് മാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ച് ഡല്‍ഹി ഹൈക്കോടതി. പാസ്പോര്‍ട്ട് റദ്ദാക്കിയത് പുനഃപരിശോധിക്കാന്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ മെഹബൂബ മുഫ്തിയുടെ ഹര്‍ജിയില്‍ മൂന്ന് മാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ജസ്റ്റിസ് പ്രതിഭ സിംഗിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ചിന് മുമ്പാകെ മെഹബൂബ മുഫ്തിയുടെ അപ്പീല്‍ വ്യാഴാഴ്ച തീര്‍പ്പാക്കിയതായി കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ കീര്‍ത്തിമാന്‍ സിംഗ് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നത് നിരസിച്ചതെന്നും ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ മൂന്നു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.
2021 മാര്‍ച്ച് 26 ന് ശ്രീനഗറിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് അപേക്ഷ നിരസിച്ചതായി മെഹബൂബ മുഫ്തിയെ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാസ്പോര്‍ട്ട് അനുവദിക്കുന്നതിനെതിരെ ജമ്മു കശ്മീര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അറിയിച്ച പാസ്പോര്‍ട്ട് ഓഫീസര്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ ഹയര്‍ ഫോറത്തില്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ചില നടപടികള്‍ നടന്നതായി കോടതി ചൂണ്ടിക്കാട്ടി. 2021 ഏപ്രില്‍ 9-ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് മെഹബൂബ മുഫ്തിയുടെ ഹര്‍ജി തീര്‍പ്പാക്കി, വിഷയത്തില്‍ ഉദ്യോസ്ഥരെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കി എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 ഏപ്രില്‍ 21-ന് പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം മെഹബൂബ മുഫ്തി അപ്പീല്‍ ഫയല്‍ ചെയ്തു. ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടും അപ്പീലില്‍ തീരുമാനം എടുത്തില്ല എന്നതാണ് മെഹബൂബ മുഫ്തിയുടെ പരാതി എന്ന് കോടതി ചൂണ്ടിക്കാട്ടി. പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മുന്‍ പാസ്പോര്‍ട്ടിന്റെ കാലാവധി 2019 മെയ് 31ന് അവസാനിച്ചിരുന്നു.