ന്യൂഡല്‍ഹി:വഖഫ് ബോര്‍ഡ് കേസുമായി ബന്ധപ്പെട്ട് ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അഴിമതി വിരുദ്ധ സംഘത്തെ(എസിബി) തടഞ്ഞെന്ന പരാതിയില്‍ നാല് പേര് അറസ്റ്റില്‍. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നിലവിലുള്ളതും ഇല്ലാത്തതുമായ വിവിധ തസ്തികകളില്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നിയമനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം അമാനത്തുള്ള ഖാനെ എസിബി അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഓഖ്ല, ജാമിയ നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച എസിബി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, റെയ്ഡിനിടെ നാട്ടുകാര്‍ തങ്ങളെ തടഞ്ഞുനിര്‍ത്തി സംഘത്തെ മര്‍ദിച്ചതായി പൊലീസ് പറഞ്ഞിരുന്നു. സംഭവുമായി ബന്ധപ്പെട്ട വീഡിയോയില്‍ പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ തള്ളിയിടുന്നതും ചീത്തവിളിക്കുന്നതും കാണാം. തുടര്‍ന്ന് അജ്ഞാതര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. സൗത്ത് ഈസ്റ്റ് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. കേസില്‍ ഷക്കീല്‍ അഹമ്മദ്, അഫ്സര്‍, അന്‍വര്‍, സിക്കന്ദര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അമാനത്തുള്ള ഖാന് വഖഫ് ബോര്‍ഡില്‍ 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തുവെന്നും അഴിമതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും എസിബി പറയുന്നു. വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളും ഖാന് തന്റെ അടുപ്പക്കാര്‍ക്ക് വാടകയ്ക്ക് നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളിലൊരാളും ഖാന്റെ സഹായിയുമായ കൗഷാര്‍ ഇമാം ഇപ്പോഴും ഒളിവിലാണ്. ജാമിയ നഗറിലെ ആയുധ നിയമ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, അമാനത്തുള്ള ഖാനെ നാല് ദിവസത്തെ എസിബി കസ്റ്റഡിയില്‍ വിട്ടു.