ന്യൂഡൽഹി: ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. കടുത്ത പനിയും ശ്വാസതടസവും മൂലം ഇന്നലെയാണ് അദ്ദേഹത്തെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തനിക്ക് ശക്തമായ പനിയും ശ്വാസതടസവും ഉണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും മന്ത്രി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മന്ത്രിക്ക് ഇന്നാണ് കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെ കോവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
Read Also: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം; ഒരു ഓഫീസർക്കും രണ്ടു സൈനികർക്കും വീരമൃത്യു
അതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,667 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 380 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,091 ആയി. 1,53,178 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പതിനായരത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,900 ആണ്.