/indian-express-malayalam/media/media_files/uploads/2017/12/Gandhi-horzOut.jpg)
ന്യൂഡൽഹി: രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ 'സംഭാവനപ്പെട്ടി' സ്ഥാപിച്ചതിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാണിതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംഭാവനപ്പെട്ടി സ്ഥാപിക്കാൻ തീരുമാനിച്ചതാരാണെന്നും അതിൽ നിന്നു ലഭിക്കുന്ന പണം എവിടേക്കാണു പോകുന്നതെന്നും അറിയിക്കണമെന്ന് കോടതി ഗാന്ധിസമാധി സ്‌മാരകത്തിന്റെ സംരക്ഷണ ചുമതലയുള്ള രാജ്ഘട്ട് സമാധി സമിതിയോട് ആവശ്യപ്പെട്ടു. സമാധിസ്‌മാരകം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രാജ്ഘട് സമാധി സമിതിക്കാണ് ഗാന്ധിസമാധിയുടെ ചുമതലയുള്ളത്. രാഷ്ട്രപിതാവ് സ്ഥാപിച്ച ഹരിജന്‍ സേവക് സംഘിനാണ് സംഭാവനപ്പെട്ടിയില്‍ നിന്നുള്ള പണം ലഭിക്കുന്നതെന്ന് കൗണ്‍സല്‍ ഫോര്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. കാണിക്കപ്പെട്ടി അവിടെ നിന്നും മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇത്തരത്തിലാണോ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ഗാന്ധിസമാധിയിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടതെന്ന് കോടതി ചോദിച്ചു. സമാധിസ്മാരകം എല്ലാ ബഹുമാനവും അര്‍ഹിക്കുന്ന ഇടമാണ്. ബന്ധപ്പെട്ട അധികൃതര്‍ ഇത് കൃത്യമായി സംരക്ഷിക്കുകയും വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി 30ന് വീണ്ടും വാദം കേള്‍ക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.