ന്യൂഡല്‍ഹി : ബാബാ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്‍റെ ചവനപ്രാശ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഡല്‍ഹി ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. പതഞ്ചലിയുടെ പരസ്യം തങ്ങളുടെ ഉത്പന്നത്തെ അവമതിക്കുന്നതാണ് എന്നു കാണിച്ചുകൊണ്ട് എതിരാളികളായ ഡാബര്‍ നല്‍കിയ പരാതിയിന്മേലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഗീത മിറ്റല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ ആണ് കേസ് പരിഗണിക്കുന്ന സെപ്റ്റംബര്‍ 26 വരെ പതഞ്ചലി പരസ്യത്തെ ഒരുതരത്തിലും പ്രചരിപ്പിക്കരുത് എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഡാബര്‍ ഇന്ത്യ ലിമിറ്റഡ് നല്‍കിയ പരാതിയിന്മേല്‍ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ നിലപാട് വ്യക്തമാക്കുവാനും ഡല്‍ഹി ഹൈക്കോടതിയുടെ ബെഞ്ച്‌ ആവശ്യപ്പെട്ടു. രാജ്യത്തെ ആയുര്‍വ്വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദകര്‍ എന്നവകാശപ്പെടുന്ന പതഞ്ജലിയില്‍ നിന്നും രണ്ടുകോടിയുടെ നഷ്ടപരിഹാരവും ഡാബര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പതഞ്ജലിയുടെ പരസ്യം തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡാബര്‍ നല്‍കിയ പരാതി സെപ്റ്റംബര്‍ ഒന്നിനു മറ്റൊരു സിംഗിള്‍ ബെഞ്ച്‌ ജഡ്ജി പരിഗണിച്ചിരുന്നു. ഡാബറിന്‍റെ ആവശ്യം തള്ളിയ ഇടക്കാല വിധി “നിയമവിരുദ്ധമായ വ്യാപാര പ്രവർത്തനങ്ങൾ” പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും പതഞ്ജലി തങ്ങള്‍ക്ക് പരിഹരിക്കാനാവാത്തതും കണക്കുകൂട്ടാനാവാത്തതുമായ നഷ്ടമാണ് ഉണ്ടാക്കുന്നുത് എന്നും ഡാബര്‍ ആരോപിക്കുന്നു. പതഞ്ജലിയുടെ പരസ്യത്തിലെ പാക്കിങ്ങും ഡിസൈനും തങ്ങളുടെ ഉത്പന്നവുമായി ഏറെ സാമ്യമുള്ളതാണ് എന്നു ചൂണ്ടിക്കാണിച്ച ഡാബര്‍. അത് നിരക്ഷരരായ ഉപഭോക്താക്കളെ അതിവേഗം കബളിപ്പിക്കും എന്നും പറയുന്നു.

പതഞ്ജലി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പരസ്യമാണ് പരാതിക്ക് ആധാരം. പരസ്യത്തില്‍ ഡാബറിന്‍റെതിനു സമാനമായ പാക്കേജാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും. ചിരപരിചിതമായ തങ്ങളുടെ പാക്കേജുകളുപയോഗികുന്നത് വഴി പതഞ്ജലി വലിയൊരു വിഭാഗം ഉപഭോക്താക്കളില്‍ ഡാബര്‍ ച്യവനപ്രാശമെന്ന തെറ്റിദ്ധാരണ ജനിപ്പിച്ചുകൊണ്ട് വില്‍പ്പനയ്ക്ക് ശ്രമിക്കുകയാണ് എന്നും ഡാബര്‍ പരാതിപ്പെടുന്നു. ട്രേഡ്മാര്‍ക്ക് ആക്റ്റ് 1999ന്‍റെ പരിധിയില്‍ പെടുത്താവുന്ന തങ്ങളുടെ ഉത്പന്നത്തെ അതുപോലെ പകര്‍ത്തുന്നതിന്‍റെ പേരില്‍ പതഞ്ജലിക്കെതിരെ നടപടിയെടുക്കണം എന്നും ഡാബര്‍ ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ