ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മുഖപത്രമായ നാഷണൽ ഹെറാൾഡ് പ്രവർത്തിക്കുന്ന കെട്ടിടം രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. വാടക ചട്ടങ്ങൾ ലംഘിച്ചതായി കാണിച്ച് കെട്ടിടം ഒഴിയാൻ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് കേന്ദ്ര നഗരവികസന മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

ഡൽഹിയിലെ മൂന്നു നില കെട്ടിടത്തിലാണ് നാഷണൽ ഹെറാൾഡ് പ്രവർത്തിച്ചിരുന്നത്. 1937 ൽ തുടങ്ങിയ അസോസിയേറ്റഡ് ജേർണൽസ് 56 വർഷമായി കേന്ദ്രസർക്കാരിൽനിന്നും പാട്ടക്കരാറിനെടുത്ത ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നത്. എന്നാൽ ഒക്ടോബർ 30 ന് പാട്ടക്കരാർ കേന്ദ്രസർക്കാർ അവസാനിപ്പിക്കുകയും കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

കടക്കെണിയിലായ അസോസിയേറ്റ് ജേർണൽസിനെ 2010 ൽ രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുളള യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തിരുന്നു. ഇതിന് പിന്നിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്ന് വായ്പ നല്‍കിയെന്നാണ് കമ്പനിയെ കടക്കെണിയിൽനിന്നും രക്ഷിച്ചതെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook