ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്‌മി സർക്കാർ നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും നടത്തുന്ന ധർണയെ സമരമെന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

“ഇതിനെ സമരമെന്ന് വിളിക്കാനാവില്ല. നിങ്ങൾക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,” ഹൈക്കോടതി പറഞ്ഞു. ധർണ നടത്താൻ ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത് എന്നും ഹൈക്കോടതി ചോദിച്ചു.

ഡൽഹിയിലെ ആംആദ്മി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരവുമായി ബന്ധപ്പെട്ട് മൂന്ന് ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ജസ്റ്റിസുമാരായ എ.കെ.ചാവ്‌ല, നവിൻ ചാവ്‌ല എന്നിവരാണ് കേസിൽ വാദം കേട്ടത്. ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ സമരത്തെ എതിർത്തും ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരത്തെ എതിർത്തുമാണ് രണ്ട് ഹർജികൾ.

അരവിന്ദ് കേജ്‌രിവാളിനെതിരെ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്‌ത മറ്റൊരു ഹർജിയും സമർപ്പിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ ഓഫീസിലെ അരവിന്ദ് കേജ്‌രിവാളിന്റെ സമരത്തെ ചോദ്യം ചെയ്‌താണ് ഈ ഹർജി. ഇവ മൂന്നും ഈ മാസം 22 ന് ഹൈക്കോടതി ഈ മൂന്ന് കേസിലും വാദം കേൾക്കും.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവരുൾപ്പെട്ട സംഘമാണു രാജ് നിവാസിൽ ധർണ നടത്തുന്നത്. നാലു മാസമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, സമരം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളാണ് കേജ്‍രിവാളും സംഘവും ഉന്നയിച്ചത്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാൻ ഗവർണർ തയ്യാറായില്ല. തുടർന്നാണ് സംഘം ലഫ്. ഗവർണറുടെ ഓഫിസായ രാജ് നിവാസിൽ കഴിഞ്ഞ തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെ ധർണ ആരംഭിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ