ന്യൂഡൽഹി: നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക് വിശ്വവിദ്യാലയ എന്ന ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളും പെൺകുട്ടികളും മൃഗസമാനമായ സാഹചര്യത്തിലാണ് ജീവിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഡൽഹി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് രാജ്യത്തെയൊട്ടാകെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.

സ്ത്രീകളെയും കുട്ടികളെയും തടവിലിട്ടാണ് ലൈംഗിക പീഡനത്തിന് വിധേയരാക്കിയിരുന്നത്. വളരെ മോശമായ ചുറ്റുപാടിലാണ് നൂറു കണക്കിന് സ്ത്രീകളും കുട്ടികളും ജീവിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗവും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. ചെറിയ കൂടുകളിലാണ് പലരെയും താമസിപ്പിച്ചിരുന്നത്. എളുപ്പം രക്ഷപ്പെടാൻ കഴിയാത്ത വിധമുളള വാതിലുകളാണ് ഓരോ മുറിയെയും വേർതിരിച്ചിരുന്നത്. 25 വർഷമായി നരകയാതന അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആശ്രമത്തില്‍ നിന്ന് ആരും പുറത്ത് ചാടാതിരിക്കാന്‍ മതില്‍ കെട്ടി മുള്‍വേലിയും സ്ഥാപിച്ചിരുന്നു.

ആശ്രമത്തിലെ പല അന്തേവാസികൾക്കും മയക്കുമരുന്ന് പ്രയോഗം നടന്നതായി കണ്ടെത്തി. ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകൾ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.

ആശ്രമത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും അന്യായമായി തടവില്‍ വയ്ക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ട സന്നദ്ധ സംഘടന കോടതിയിൽ പൊതു താൽപര്യ ഹർജി നൽകുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി ആശ്രമത്തിൽ പരിശോധന നടത്താൻ ഉത്തരവിട്ടു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആശ്രമത്തിൽ പരിശോധനയ്ക്കെത്തിയ തങ്ങളെ അവിടത്തെ അന്തേവാസികള്‍ കൈയേറ്റം ചെയ്യുകയും ഒരു മണിക്കൂര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തതായി പരിശോധനയ്ക്ക് ശേഷം പൊലീസ് സംഘം കോടതിയെ അറിയിച്ചു. നൂറോളം പെണ്‍കുട്ടികളെ തടവിലാക്കിയിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും സംഘം കോടതിയെ അറിയിച്ചു.

തുടർന്ന് അന്വേഷണം കോടതി സിബിഐക്ക് കൈമാറി. അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിക്കാനും സിബിഐ ഡയറക്ടര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ