ന്യൂഡൽഹി: വടക്കു-കിഴക്കൻ ഡൽഹിയിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ ഡൽഹി ഹെെക്കോടതിക്ക് അതൃപ്‌തി. കപിൽ മിശ്ര അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തുന്നതിനെ കോടതി ചോദ്യം ചെയ്‌തു. വിദ്വേഷ പ്രസംഗങ്ങളിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ഡൽഹി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം.

Read Also: അർദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്; വിശന്നാൽ നല്ല ഉറക്കം കിട്ടുമെന്ന് ട്രോളന്മാർ

ഡൽഹിയിലെ സ്ഥിതി ശാന്തമല്ലെന്നും ‘1984 ലെ കലാപം’ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്‌തമാക്കി. ഡൽഹിയിലെ പൊലീസ് അടക്കമുള്ള അധികാര കേന്ദ്രങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും ഹെെക്കോടതി നിർദേശം നൽകി. ജസ്റ്റിസ് എസ്.മുരളീധർ, ജസ്റ്റിസ് തൽവാന്ദ് സിങ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേഷ് സിങ് തുടങ്ങിയവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി ഇന്നു പരിഗണിച്ചത്.

Read Also: ഇന്ത്യന്‍ 2 അപകടം: സെറ്റിന്റെ സുരക്ഷ ഉറപ്പാക്കിയാല്‍ ഷൂട്ടിങ് ആരംഭിക്കാമെന്നു കമല്‍ ഹാസന്‍

രാഷ്ട്രീയ നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ കണ്ടശേഷം അവർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി ഡൽഹി കമ്മിഷണർക്ക് നിർദേശം നൽകിയിരിക്കുന്നത്. ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ഇതുവരെ കണ്ടിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ പ്രസ്‌താവനയിൽ കോടതി ആശ്ചര്യം രേഖപ്പെടുത്തി. അതിനുശേഷം, തുറന്ന കോടതിയിൽവച്ച് ആ വീഡിയോ പ്ലേ ചെയ്‌തു കാണിച്ചു.

Read Also: കലാലയങ്ങളിൽ വിദ്യാർഥി സമരങ്ങൾ നിരോധിച്ച് ഹൈക്കോടതി

അതേസമയം ‘സഹോദരീ സഹോദരന്മാർ’ സമാധാനവും സാഹോദര്യവും പുലർത്തണമെന്നും ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലാപം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. സ്ഥിതിഗതികളെക്കുറിച്ച് വിപുലമായ അവലോകനം നടത്തിയെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. കലാപത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook