ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയുടെ ഭാഗമായി അനധികൃതമായി തടങ്കലിലാക്കിയ പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എഫ്ഐർ, അന്വേഷണ നടപടികളിലേക്ക് കടക്കാതെ അറസ്റ്റുചെയ്തവരെ വിട്ടയക്കാനാവില്ല. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറുകളിൽ അന്വേഷണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി ഡൽഹി പൊലീസിന് നിർദേശം നൽകി.

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 70ഉം 80ഉം വയസുള്ളവർ ഉൾപ്പെടെ 122 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ആറ് എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തു.

Read More: കർഷകരെ നേരിടാൻ വഴി നീളെ ഇരുമ്പാണികൾ പതിച്ച് പൊലീസ്; ചിത്രങ്ങൾ

ഇതുവരെ 44 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 122 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് വക്താവ് ഡോ. എയ്ഷ് സിങ്കാൽ പറഞ്ഞു. 54 കർഷക നേതാക്കൾക്കും 200 ട്രാക്ടർ ഉടമകൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ട്രാക്ടർ ഉടമകളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി പോലീസ് പറഞ്ഞു.

“സുപ്രീം കോടതിയുടെ മാർഗനിർദേശപ്രകാരം ബന്ധപ്പെട്ട കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരുടെ ബന്ധുക്കൾക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിവരങ്ങൾ തേടാം. കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഡൽഹി പൊലീസ് നടത്തിയ അന്വേഷണം സുതാര്യവും നീതിയുക്തവുമാണ്,” സിങ്കാൽ പറഞ്ഞു.

അതേസമയം, കര്‍ഷക സമരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ പലതവണ നിര്‍ത്തിവച്ചു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രതിപക്ഷത്തിന് എതിര്‍പ്പുകൾ ഉന്നയിക്കാമെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കി. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook