ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച ട്വീറ്റുകളും മറ്റു സോഷ്യല്‍ മീഡിയ പോസ്റ്റുകളും നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദേശിച്ച് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ സ്മൃതി ഇറാനി നല്‍കിയ മാനനഷ്ടക്കേസില്‍ ജയറാം രമേശ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവര്‍ക്കു കോടതി സമന്‍സ് അയച്ചു.
സ്മൃതിക്കെതിരെ വാര്‍ത്താ സമ്മേളനത്തിനിടെ ഉന്നയിച്ച ആരോപണങ്ങള്‍ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്നും നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ജസ്റ്റിസ് മിനി പുഷ്‌കര്‍ണ നിര്‍ദേശിച്ചു.
സ്മൃതിക്കും മകള്‍ക്കുമെതിരായ പോസ്റ്റുകള്‍ വീഡിയോകള്‍, ട്വീറ്റുകള്‍, റീട്വീറ്റുകള്‍, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ നീക്കം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവ വീണ്ടും പ്രചരിപ്പിക്കുന്നതു നിര്‍ത്തലാക്കണം. 24 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശങ്ങള്‍ പാലിച്ചെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവ എടുത്തുമാറ്റണമെന്നും കോടതി ഉത്തരവിട്ടു.
തന്നെയും മകളെയും വ്യക്തിപരമായി ലക്ഷ്യം വച്ചുള്ള തെറ്റും നിന്ദ്യവുമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണു സ്മൃതി കോടതിയെ സമീപിച്ചത്. തന്റെയും മകളുടെയും സ്വഭാവത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു ഇതെന്നും സ്മൃതി ഹര്‍ജിയില്‍ പറഞ്ഞു.
”ഹര്‍ജിക്കാരിയും മകളും റസ്റ്റോറന്റിന്റെയോ ബന്ധപ്പെട്ട സ്ഥലത്തിന്റെയോ ഉടമകളല്ലെന്നും റസ്റ്റോറന്റുമായി ബന്ധപ്പെട്ട് ഒരു ലൈസന്‍സിനും അപേക്ഷിച്ചിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ മനഃപൂര്‍വം അപകീര്‍ത്തികരമായ പ്രസ്താവന നടത്തിക്കൊണ്ട് ദുരുദ്ദേശ്യത്തോടെ നുണകള്‍ പ്രചരിപ്പിക്കുന്നു,” ഹര്‍ജിയില്‍ പറഞ്ഞു.
യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നു പ്രഥമദൃഷ്ട്യാ ബോധ്യമായതായി കോടതി പറഞ്ഞു. കുറ്റാരോപിതര്‍ നടത്തിയ പത്രസമ്മേളനത്തെത്തുടര്‍ന്നുള്ള ട്വീറ്റുകളും റീട്വീറ്റുകളും ഹര്‍ജിക്കാരിയുടെ പ്രശസ്തിക്കു വലിയ കോട്ടം വരുത്തിയതായും കോടതി നിരീക്ഷിച്ചു.
”സ്മൃതി ഇറാനി നല്‍കിയ കേസില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ഞങ്ങള്‍ക്കു നോട്ടിസ് അയച്ചിട്ടുണ്ട്. കോടതിക്കു മുന്നില്‍ വസ്തുതകള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്മതി ഇറാനിയുടെ ഹര്‍ജിയെ ഞങ്ങള്‍ നേരിടും,”കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
സ്മൃതി ഇറാനിയുടെ മകള്‍, മരിച്ച ഒരാളുടെ പേരില്‍ മകള്‍ അനധികൃതമായി റസ്റ്റോറന്റ് ബാര്‍ നടത്തുകയും ലൈസന്‍സ് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. സ്മൃതി ഇറാനി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
”അവരുടെ മകള്‍ ഗോവയില്‍ നടത്തുന്ന റസ്റ്റോറന്റില്‍ ബാര്‍ ഉണ്ട്… അത് വ്യാജമായി ലൈസന്‍സ് നേടിയതായി ആരോപിക്കപ്പെടുന്നു. ലൈസന്‍സ് 2021 മേയില്‍ മരിച്ച ഒരാളുടെ പേരിലാണ്. 2022 ജൂണിലാണ് ഇതു വാങ്ങിയത്. അതേ വ്യക്തിയുടെ പേരില്‍ സ്മൃതി ഇറാനിയുടെ മകള്‍ ലൈസന്‍സ് എടുത്തു,”എന്നാണു ഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞത്.
ആരോപണത്തെ ദുരുദ്ദേശ്യപരമെന്നു വിശേഷിപ്പിച്ച സ്മൃതി ഇറാനി, സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ താന്‍ പത്രസമ്മേളനം നടത്തുന്നതുകൊണ്ട് മാത്രമാണു മകള്‍ സോയിഷിന്റെ ലക്ഷ്യം വയ്ക്കുന്നതെന്നും പറഞ്ഞിരുന്നു.