ന്യൂഡൽഹി: ദൈനിക് ഭാസ്ക്കർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളുടെ ഓൺലൈൻ എഡിഷൻ അനധികൃതമായും നിയമവിരുദ്ധമായും പ്രചരിപ്പിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി വാട്സ്ആപ്പിനോട് നിർദേശിച്ചു. അനുമതിയില്ലാതെ ഇ-പേപ്പർ പ്രചരിപ്പിക്കുന്ന ചില ഗ്രൂപ്പുകളെ തടയാൻ വാട്സ്ആപ്പിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദൈനിക് ഭാസ്ക്കറിന്റെയും മറ്റ് പത്രങ്ങളുടെയും പ്രസാധകരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അത്തരം ഗ്രൂപ്പുകൾ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഡിബി കോർപ്പറേഷൻ ലിമിറ്റഡിന്റെ നോട്ടീസ് വാട്സ്ആപ്പ് തള്ളിക്കളയുകയും കോടതി ഉത്തരവ് ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്.
ഡിബി കോർപ്പറേഷൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും സബ്സ്ക്രിപ്ഷൻ മോഡലിൽ ഇ-പേപ്പർ വായിക്കാൻ അവസരം നൽകുന്നതായി കോടതിയെ അറിയിച്ചു. വായനക്കാരന് സബ്സ്ക്രിപ്ഷൻ ഫീസ് നൽകി പത്രം സബ്സ്ക്രൈബ് ചെയ്യാനാകും. ഒരു വ്യക്തിഗത ഉപയോക്താവിന് അവരുടെ സ്വകാര്യ ഉപയോഗത്തിനായി വെബ്സൈറ്റിലെ ഉള്ളടക്കം ബ്രൗസ് ചെയ്യുന്നതിനാണ് സബ്സ്ക്രിപ്ഷൻ, എന്നാൽ വരിക്കാരന് ഇ-പേപ്പർ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല,” മീഡിയ ഗ്രൂപ്പ് കോടതിയിൽ വാദിച്ചു.
സമാനമായ ആവശ്യവുമായി മറ്റ് നിരവധി പത്ര സംഘടനകളും വാട്സ്ആപ്പിനും ടെലിഗ്രാമിനുമെതിരെ കോടതിയെ സമീപിച്ചിരുന്നു. 85 വാട്സ്ആപ് ഗ്രൂപ്പുകളുടെ വിവരങ്ങൾ ഡിബി കോർപ്പറേഷൻ കോടതിയിൽ സമർപ്പിച്ചു. ഇതു കൂടാതെ മറ്റ് നിരവധി ഗ്രൂപ്പുകളും പ്ലാറ്റ്ഫോമുകളും ഇ-പേപ്പർ അനധികൃതമായും നിയമവിരുദ്ധമായും ഷെയർ ചെയ്യുന്നതായും കോടതിയെ അറിയിച്ചു. കേസ് 2022 മേയ് 2 ന് വീണ്ടും പരിഗണിക്കും.