ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗ കേസ് കുറ്റക്കാരുടെ വധശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. കേസില്‍ പ്രതിയായ പവന്‍ ഗുപ്തയുടെ ദയാ ഹര്‍ജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തള്ളി മണിക്കൂറുകള്‍ക്കമാണ് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
പ്രതികളുടെ എല്ലാ നിയമപരമായ അവസരങ്ങളും അവസാനിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഗുപ്തയുടെ ദയാ ഹര്‍ജി നിലനിന്നിരുന്നതിനാല്‍ കോടതി വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവച്ചിരുന്നു.
Read Also: അബുദാബി ബിഗ് ടിക്കറ്റ്; ഒന്നാം സമ്മാനം 20 കോടി രൂപ ഇന്ത്യക്കാരന്
മുകേഷ് കുമാര്‍ സിംഗ് (32), ഗുപ്ത (25), വിനയ് കുമാര്‍ ശര്‍മ്മ (26), അക്ഷയ് കുമാര്‍ സിംഗ് (31) എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് തൂക്കിക്കൊല്ലാന്‍ നേരത്തേ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് സ്റ്റേ ചെയ്തത്. ഈ കേസില്‍ മൂന്ന് തവണ കോടതി മരണ വാറന്റുകള്‍ സ്റ്റേ ചെയ്തിരുന്നു. അതേദിവസം തന്നെ പവന്റെ പുനപരിശോധന ഹര്‍ജിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
ഇനി ഗുപ്ത മാത്രമാണ് പുനപരിശോധന ഹര്‍ജി നല്‍കാനുള്ളത്. മറ്റുള്ള മൂന്നുപേരുടെ ഹര്‍ജികളും കോടതി തള്ളിയിരുന്നു.
2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള വനിതയെ ഓടുന്ന ബസില്‍ വച്ച് ആറുപേര്‍ ചേര്‍ന്ന് മാനഭംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 29-ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് അവര്‍ മരിച്ചു.