ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായൂ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ദ്രനെ പ്രീതിപ്പെടുത്തുകയാണ് ഏക പോംവഴിയെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി. ഇന്ദ്ര ഭഗവാനെ (മഴ നല്‍കുന്ന ദേവന്‍) പ്രീതിപ്പെടുത്താന്‍ യാഗം നടത്തണമെന്നും ഇന്ദ്ര ദേവന്‍ എല്ലാം ശരിയാക്കുമെന്നും യുപിയിലെ ബിജെപി മന്ത്രിയായ സുനില്‍ ഭരള പറഞ്ഞു. കര്‍ഷകര്‍ വയ്‌ക്കോല്‍ കത്തിക്കുന്നത് സാധാരണ വിഷയമാണെന്നും അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും സുനില്‍ ഭരള പറഞ്ഞു.

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ മലിനീകരണ നിയന്ത്രണ അതോറിറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നവംബർ ഒന്നിനാണ് പ്രഖ്യാപനം നടന്നത്. പല മേഖലകളിലും അന്തരീക്ഷ വായുനില 500 രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പ്രത്യേക പാനൽ പൊതുജനാരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നവംബർ അഞ്ചുവരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

കൂടാതെ ഡൽഹി, ഗുഡ്‌ഗാവ്, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽ മലിനീകരണ നിയന്ത്രണ അതോറിറ്റി നവംബർ അഞ്ച് വരെ നിർമാണ പ്രവർത്തനങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook