ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി ആം ആദ്‌മി. മുഖ്യമന്ത്രി സ്ഥാനാർഥിയായ അരവിന്ദ് കേജ്‌രിവാളിനെ നിയമസഭാ കക്ഷിനേതാവായി ഇന്നു തിരഞ്ഞെടുക്കും. കേജ്‌രിവാളിന്റെ വസതിയിൽവച്ച് ഇന്ന് 11.30 ന് ആം ആദ്‌മി എംഎൽഎമാരുടെ യോഗം നടക്കും. കേജ്‌രിവാളാണ് എംഎൽഎമാരുടെ യോഗം വിളിച്ചത്.

ഫെബ്രുവരി പതിനാലിനോ പതിനാറിനോ ആയിരിക്കും സത്യപ്രതിജ്ഞ. ഇന്നത്തെ നിയമസഭാ കക്ഷി നേതാക്കളുടെ യോഗത്തിൽ സത്യപ്രതിജ്ഞ തിയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ആരൊക്കെ മന്ത്രിസഭയിൽ അംഗങ്ങളാകുമെന്ന കാര്യത്തിലും ഇന്നോ നാളെയോ ആയി തീരുമാനമാകും.

Read Also: ആം ആദ്‌മി എംഎൽഎയുടെ വാഹനത്തിനു നേരെ വെടിവയ്‌പ്; പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ആം ആദ്‌മി സ്വന്തമാക്കിയത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 70 സീറ്റുകളുള്ള നിയമസഭയിൽ 62 അംഗങ്ങളുമായാണ് ആം ആദ്‌മി വീണ്ടും അധികാരത്തിലെത്തുന്നത്. തുടർച്ചയായ മൂന്നാം തവണയും അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയാകും.

കഴിഞ്ഞ തവണത്തേക്കാളും നില മെച്ചപ്പെടുത്താനായെങ്കിലും രണ്ടക്കം കടക്കാൻ പോലും ബിജെപിക്ക് സാധിക്കാതെ പോയത് തിരിച്ചടിയായി. എട്ട് സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. കഴിഞ്ഞ വർഷം ഇത് മൂന്നായിരുന്നു. കോൺഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല. നാണംകെട്ട തോൽവിക്ക് പിന്നാലെ ഡൽഹി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവച്ചു.

ആം ആദ്മി പാർട്ടി ലോക്‍‌സഭ തിരഞ്ഞെടുപ്പിനേക്കാൾ മൂന്നിരട്ടി വോട്ട് വർധിപ്പിച്ച് കരുത്ത് കാട്ടി. ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ 70000 വോട്ടുകൾക്കായിരുന്നു ആം ആദ്മി പാർട്ടി സ്ഥാനാർഥിയുടെ വിജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook