ന്യൂഡൽഹി: ഡൽഹി സർക്കാരിന് കീഴിലെ ഉന്നത ഉദ്യോഗസ്ഥർ ഓരോരുത്തരും ഒന്നിലേറെ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണവും ഉയർന്നതോടെ ശക്തമായ നടപടിയുമായി ഡൽഹി സംസ്ഥാന സർക്കാർ. മറ്റ് പല ആരോപണങ്ങൾ ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നതിന് പിന്നാലെയാണിത്. ഒന്നിൽ കൂടുതൽ വാഹനം ഉപയോഗിക്കുന്നവർ ഒരു വാഹനം ഒഴികെയുളള ‘അധിക’ വാഹനങ്ങൾ തിരികെ ഏൽപ്പിക്കാൻ അരവിന്ദ് കെജ്‌രിവാൾ സർക്കാർ ഉത്തരവിറങ്ങി.

മറ്റ് നിരവധി ആരോപണങ്ങൾ സർക്കാർ ഉദ്യോദഗസ്ഥർക്കെതിരെ ഉയർന്നിട്ടുളളതിനു പുറമെയാണ് സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച ആരോപണം കൂടെ ഉയർന്നിട്ടുളളത്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ഒരു സർക്കാർ വാഹനം മാത്രമേ ഉപയോഗിക്കാവൂ. നിരവധി ഉദ്യോഗസ്ഥർ ​ഒന്നിലേറെ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒന്നിലേറെ ചുമതലകൾ വഹിക്കുന്നതിന്റെ ഭാഗമായാണ് എന്ന അടിസ്ഥാനത്തിലാണ് ഇത് ഉപയോഗിക്കുന്നത്. അധിക വാഹനങ്ങൾ വകുപ്പ് മേധാവികൾക്ക് കൈമാറണമെന്നും അവ ജനറൽ പൂളിൽ ഉപയോഗിക്കണമെന്നും ഡൽഹി സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.
എല്ലാ ഔദ്യോഗിക വാഹനങ്ങളിലും ജി പി എസ് സംവിധാനം നടപ്പിലാക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഇതു വഴി വാഹനങ്ങളെ ട്രാക്ക് ചെയ്യാനും വാഹനങ്ങളുടെ ദുരുപയോഗം തടയാനും സാധിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

സെപ്തംബർ ഒന്ന് മുതൽ ഒരു സർക്കാർ വാഹനവും ജി പി എസ് സംവിധാനം ഇല്ലാത്തെ നിരത്തിൽ ഓടിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഇതിന് പുറമെ വാഹന ഉപയോഗത്തിനായി മറ്റ് മാനദണ്ഡങ്ങളും സർക്കാർ തയ്യാറാക്കി. ഔദ്യോഗിക വാഹനങ്ങൾക്ക് പുറമെ, സ്വകാര്യ കരാറുകാരുടെ/ ഓപ്പറേറ്റേഴ്സിന്റെ വാഹനം വാടകയ്ക്ക് എടുക്കുമ്പോഴും ജി പി എസ് സംവിധാനം ഉപയോഗിക്കണം.

വനിതാ ശിശുക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരിവിന്ദ് കെജ്‌രിവാളിന് ലഭിച്ച പരാതിയുടെ​ അടിസ്ഥാനത്തിലാണ് നടപടി. വനിതകൾ, അഗതികൾ, കുട്ടികൾ എന്നിവരുടെ ക്ഷേമത്തിനായുളള വകുപ്പിന്റെ പേരിൽ 23 വാഹനങ്ങൾ വാടകയ്ക്ക് എടുക്കുകയും ആറെണ്ണം മാത്രം അവിടെ ഉപയോഗിക്കുകയും ബാക്കി ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യത്തിന് മാറ്റി വിനിയോഗിക്കുകയും ചെയുന്നുന്നുവെന്നാണ് പരാതി. ഈ വിവരങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം ലഭിച്ച വസ്തുതകളാണെന്ന് ഡൽഹിയിലെ ലോധി കോളനി നിവാസിയായ അശോക് കുമാർ മാഥൂർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook