ന്യൂഡൽഹി: ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി. താൻ മാനസിക രോഗിയാണെന്ന ശർമയുടെ വാദവും കോടതി നിരസിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ പ്രതി പൂർണമായും ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദയാഹർജി പരിഗണിക്കുന്ന സമയത്ത് ശർമയുടെ മെഡിക്കൽ റിപ്പോർട്ട് അടക്കം ആവശ്യമായ എല്ലാ രേഖകളും രാഷ്ട്രപതിക്കു മുൻപാകെ സമർപ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിച്ചശേഷമാണ് ദയാഹർജി തളളിയതെന്ന് കോടതി വ്യക്തമാക്കി. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളായ പവൻ ഗുപ്തയ്ക്ക് കഴിഞ്ഞ ബുധനാഴ്ച ഒരു അഭിഭാഷകനെ നൽകാമെന്നു പറഞ്ഞ ഡൽഹി കോടതി ശിക്ഷിക്കപ്പെട്ട കുറ്റവാളിക്ക് അവസാന ശ്വാസം വരെ നിയമസഹായം ലഭിക്കുമെന്നും വ്യക്തമാക്കി. പവൻ ഗുപ്തയുടെ അഭിഭാഷകൻ എ.പി.സിങ് പിന്മാറിയ സാഹചര്യത്തിലാണു തീരുമാനം.
Read Also: ഡൽഹി കൂട്ടബലാത്സംഗ കേസ്: പുതിയ മരണ വാറണ്ട് ഇന്നില്ല, ഹർജി തിങ്കളാഴ്ച പരിഗണിക്കും
അതിനിടെ, കേസിൽ പ്രതികളുടെ മരണവാറന്റ് ആവശ്യപ്പെട്ടുളള ഹർജി പട്യാല ഹൗസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതി വിനയ് ശർമയുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുളള സാഹചര്യത്തിലായിരുന്നു കോടതി നടപടി.
നേരത്തെ ജനുവരി 22ന് ശിക്ഷ നടപ്പാക്കുന്നതിന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പിന്നീട് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. ഇതിന് പിന്നാലെ പ്രതികളുടെ മരണ വാറണ്ട് വിചാരണക്കോടതി സ്റ്റേ ചെയ്തു. രണ്ട് തവണ മരണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവർ നിയമനടപടികളുമായി മുന്നോട്ട് പോയതോടെ വാറണ്ട് റദ്ദാക്കുകയായിരുന്നു. ഇപ്പോൾ ശിക്ഷ നടപ്പാക്കുന്നത് അനിശ്ചിതമായി നീളുകയാണ്.