ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്കെതിരെ പുറപ്പെടുവിച്ച മരണ വാറന്റ് സ്റ്റേ ചെയ്തു. ഡൽഹി വിചാരണ കോടതിയാണ് നാല് പ്രതികളുടെയും വധശിക്ഷ തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ കോടതി നിര്‍ദേശിച്ചു.

കേസിലെ പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത സമർപ്പിച്ച ദയാ ഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതിന് പിന്നാലെയാണ് കോടതിയുടെ നടപടി. ഡൽഹി ജയിൽ നിയമപ്രകാരം ദയാ ഹർജി തള്ളിയാലും 14 ദിവസങ്ങൾക്ക് ശേഷമെ വിധി നടപ്പാക്കാൻ സാധിക്കുകയുള്ളു.

പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. പിന്നാലെ ഡൽഹി പാട്യാല ഹൗസ് കോടതി നാളെ രാവിലത്തെ വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയും തള്ളിയിരുന്നു.

കേസിലെ നാല് പ്രതികളെയും മാർച്ച് മൂന്നിന് തൂക്കികൊല്ലാൻ ഫെബ്രുവരി 17നാണ് ഡൽഹി പട്യാല ഹൗസ് കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. ഇതിന് മുമ്പ് പുറപ്പെടുവിച്ച രണ്ട് മരണ വാറന്റുകളും നേരത്തെ റദ്ദാക്കിയിരുന്നു. ജനുവരി 22നാണ് ആദ്യം വധശിക്ഷ നടപ്പാക്കാൻ വിധിച്ചിരുന്നത്. ഇത് പിന്നീട് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook