ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളെ മാർച്ച് മൂന്നിന് രാവിലെ 6 മണിക്ക് തിഹാർ ജയിലിൽ തൂക്കിലേറ്റും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ രണ്ടു മരണ വാറന്റുകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. കുറ്റവാളികളിൽ മൂന്നുപേർ എല്ലാ നിയമപരമായ വശങ്ങളും ഉപയോഗിച്ചുവെന്നും അവരിൽ ആരുടെയും അപ്പീൽ നിലവിലില്ലെന്നും തിഹാർ ജയിൽ അധികൃതർ വിചാരണ കോടതിയെ അറിയിച്ചതോടെയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്.

ഇന്ന് കേസ് പരിഗണിക്കവേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു കുറ്റവാളി വിനയ് ശർമ തിഹാർ ജയിലിൽ നിരാഹാര സമരം നടത്തുകയാണെന്ന് കോടതിയെ അറിയിച്ചു. ജയിലിൽ വച്ച് ആക്രമണത്തിനിരയായ വിനയ്‌യുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മാനസികരോഗം ബാധിച്ചയാളാണെന്നും അതിനാൽ വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമം പാലിച്ച് വിനയ്ക്ക് ശരിയായ പരിചരണം നൽകണമെന്ന് കോടതി തിഹാർ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി.

Read Also: ഷഹീൻബാഗ് സമരക്കാരെ ഉടനടി ഒഴിപ്പിക്കണമെന്ന ആവശ്യം തള്ളി; കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി

നേരത്തെ ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളിയിരുന്നു. താൻ മാനസിക രോഗിയാണെന്ന ശർമയുടെ വാദവും കോടതി നിരസിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ പ്രതി പൂർണമായും ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദയാഹർജി പരിഗണിക്കുന്ന സമയത്ത് ശർമയുടെ മെഡിക്കൽ റിപ്പോർട്ട് അടക്കം ആവശ്യമായ എല്ലാ രേഖകളും രാഷ്ട്രപതിക്കു മുൻപാകെ സമർപ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിച്ചശേഷമാണ് ദയാഹർജി തളളിയതെന്ന് കോടതി വ്യക്തമാക്കി.

ജനുവരി 22ന് ശിക്ഷ നടപ്പാക്കുന്നതിന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇത് പിന്നീട് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. ഇതിന് പിന്നാലെ പ്രതികളുടെ മരണ വാറന്റ് വിചാരണക്കോടതി സ്റ്റേ ചെയ്തു. രണ്ട് തവണ മരണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതികൾ നിയമനടപടികളുമായി മുന്നോട്ട്​ പോയതോടെ വാറന്റ്​ റദ്ദാക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook