ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ മരവിപ്പിച്ച വിചാരണ കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ദയാഹർജി തളളിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിലെ പ്രധാന വാദം.

കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. വാദത്തിനിടെ ഹൈദരാബാദിൽ ഏറ്റുമുട്ടലിലൂടെ ബലാത്സംഗ കേസിലെ പ്രതികളെ വധിച്ചതിനെക്കുറിച്ച് മേത്ത പരാമർശിച്ചു. ബലാത്സംഗ കേസിലെ പ്രതികളായ നാലുപേരെയും കൊന്നതിന്റെ പരസ്യമായ ആഘോഷം “രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ മൂല്യത്തകർച്ച” യുടെ സൂചനയായിരുന്നുവെന്ന് തുഷാർ മേത്ത പറഞ്ഞു.

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിലൂടെ തെലങ്കാന പൊലീസ് കഴിഞ്ഞ വർഷം കൊലപ്പെടുത്തിയിരുന്നു. കൃത്യം നടന്ന സ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പിനെത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയും വെടിവയ്ക്കുകയുമായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

Read Also: യോഗിയെ പ്രചാരണത്തില്‍നിന്ന് വിലക്കണം; തിരഞ്ഞെടുപ്പ് കമ്മിഷനോട് ആം ആദ്മി പാര്‍ട്ടി

പ്രതികൾ മനഃപൂർവം വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിന് നീതിന്യായ വ്യവസ്ഥയെ കൂട്ടുപിടിക്കുകയാണെന്ന് മേത്ത പറഞ്ഞു. പ്രതികളിലൊരാളായ പവൻ ഗുപ്ത ദയാഹർജിയും തിരുത്തൽ ഹർജിയും സമർപ്പിക്കാത്തത് മനഃപൂർവമാണ്. പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാത്തത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മേത്ത പറഞ്ഞു.

അതേസമയം, കേന്ദ്രസർക്കാർ വിചാരണ കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടതെന്ന് പ്രതികളിലൊരാളായ മുകേഷിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക റെബേക്ക എം.ജോൺ വ്യക്തമാക്കി. നാലു കുറ്റവാളികൾക്കും ശിക്ഷ ഒന്നുപോലെയാണെങ്കിൽ, വധശിക്ഷയും ഒന്നിച്ചായിരിക്കണമെന്നും അവർ പറഞ്ഞു. ഹർജി വിധി പറയാനായി മാറ്റി.

Read Also: ന്യൂസിലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ, അവസാന ടി 20 യിൽ ജയം 7 റൺസിന്

പട്യാല ഹൗസ് കോടതിയാണ് പ്രതികളുടെ വധശിക്ഷ മരവിപ്പിച്ചത്. മരണവാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികൾ നൽകിയ ഹർജിയിലാണു അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയുടെ ഉത്തരവ്. രാഷ്ട്രപതിക്കു ദയാഹർജി നൽകിയിട്ടുളള വിനയ് ശർമ ഒഴികെയുളള 3 പ്രതികളെ ഇന്നു തൂക്കിലേറ്റാമെന്നു തിഹാർ ജയിൽ അധികൃതർ അറിയിച്ചെങ്കിലും കോടതി നിരസിച്ചു.

ഒരേ സമയത്തു ചെയ്ത സമാന സ്വഭാവമുള്ള തെറ്റിന് ഒരുമിച്ചു ശിക്ഷ നൽകിയാൽ മതിയെന്ന സുപ്രീം കോടതി വിധി കണക്കിലെടുത്താണ് പട്യാല ഹൗസ് കോടതി വധശിക്ഷ മരവിപ്പിച്ചത്. പ്രതികളുടെ നിയമവഴികളെല്ലാം പൂർത്തിയായ ശേഷമാകും കോടതി ഇനി വധശിക്ഷ നടപ്പാക്കാനുള്ള വാറന്റ് പുറപ്പെടുവിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook