ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിലെ നടപടികൾ എവിടെ വരെയായി എന്നതു സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്ന് ഡൽഹി കോടതി. തിഹാർ ജയിൽ അധികൃതർക്കാണ് കോടതി നിർദേശം നൽകിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രതികളിലൊരാളുടെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലായതിനാൽ ജനുവരി 22 ന് വധശിക്ഷ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഡൽഹി സർക്കാരിനെ അറിയിച്ചതായി തിഹാർ ജയിൽ അധികൃതർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറ ജയിൽ അധികൃതർക്ക് നിർദേശം നൽകിയത്. രാഷ്ട്രപതിക്കു മുൻപാകെ ദയാഹർജി സമർപ്പിച്ച സാഹചര്യത്തിൽ തന്റെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ മുകേഷ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നേരത്തെ, നാലു പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാൻ കഴിയില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികളിലൊരാൾ രാഷ്ട്രപതിക്കു മുൻപാകെ ദയാഹർജി സമർപ്പിച്ചതിനെ തുടർന്നായിരുന്നു ഡൽഹി സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. ഇതിനുപിന്നാലെ പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുന്നത് ഡൽഹി സർക്കാരാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി.
Read More: ഡല്‍ഹി കൂട്ടബലാത്സംഗം: വധശിക്ഷ 22 നു നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശർമ (26) എന്നിവർക്കാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 22 ന് രാവിലെ ഏഴിന് മണിക്ക് നാല് പ്രതികളെയും ഒരുമിച്ച് തൂക്കിക്കൊല്ലാനാണ് വാറണ്ടിൽ കോടതി ഉത്തരവിട്ടത്. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.