ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. പ്രതികളിലൊരാളുടെ ദയാഹർജി തള്ളിയതിനു പിന്നാലെ, ഡല്‍ഹി പട്യാല കോടതി പുതിയ തിയതി മരണവാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റാനാണ് ഉത്തരവ്.

ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാവിലെ തളളിയിരുന്നു. ദയാഹർജി ഇന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനു കൈമാറിയത്. ദയാഹർജി തളളണമെന്ന ശുപാർശയോടെയാണ് ദയാഹർജി നൽകിയത്. ഇതു ലഭിച്ച് മണിക്കൂറുകൾക്കകമാണ് രാഷ്ട്രപതി ദയാഹർജി തളളിയത്. ജനുവരി 22 നാണ് നാലു പ്രതികളെയും തൂക്കിലേറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നത്.

Read Also: ‘കൂടത്തായി’യിലെ ജോളിയായി മുക്തയുടെ ഗംഭീര തിരിച്ചുവരവ്

കേസിലെ പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ എന്നിവർ സമർപ്പിച്ച തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. ദയാഹർജി രാഷ്ട്രപതിയും തളളിയതോടെയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുമെന്ന കാര്യത്തിൽ ഉറപ്പുവന്നത്.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശർമ (26) എന്നിവർക്കാണ് ഡൽഹി പട്യാല ഹൗസ്‌ കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook