ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഹർജിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്.

ഒരു കേസിലെ പ്രതികളെ വെവ്വേറെ ദിവസങ്ങളില്‍ തൂക്കിലേറ്റാനാകുമോ എന്ന് വ്യക്തമാക്കുന്നതാകും ഹൈക്കോടതി വിധി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവധി ദിനമായ ഞായറാഴ്‌ചയാണ് ഹർജി പരിഗണിച്ചത്. പ്രതികളെ വെവ്വേറെ ദിവസങ്ങളിൽ തൂക്കിലേറ്റണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

Read Also: കറുത്ത ഗൗണില്‍ അതീവ സുന്ദരിയായി മഞ്ജു; രാജകീയ വരവേൽപ്പ്, വീഡിയോ

നേരത്തെയുള്ള കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റേണ്ടതായിരുന്നു. എന്നാൽ, വധശിക്ഷയ്‌ക്ക് താൽക്കാലിക സ്റ്റേ ഏർപ്പെടുത്തുകയായിരുന്നു. പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റാനാണ് വിധി. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്നു വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook